Tuesday, December 30, 2008

കര്‍ത്തവ്യം

പശ്ചിമസാനുക്കളില്‍ വൈജയന്തികള്‍ പാറ്റി
സ്വശ്ചമായ്‌ ഹരിതാഭ പൂണ്ട നിന്‍ യുവകാലം
അസ്തമിയ്കുകയാണോ മാനവകരങ്ങളാല്‍
‍പോറലേല്‍പ്പിക്കും നിന്റെ സൗഭഗ ശരീരത്തില്‍
സൃഷ്ടീക്കാന്‍ കഴിയുന്ന മാനവന്‍ പലപ്പോഴും
സംഹാരത്തിന്നായ്‌ തന്റെ കൈകളേ നീട്ടീടുന്നു
ചന്ദനക്കുളിര്‍കാറ്റും ശീതള പരിശുദ്ധ
നീര്‍ച്ചാലും കാണെക്കാണെ ശൂന്യമായ്‌ വരികയാം
പണ്ടു നിന്‍ മടിത്തട്ടില്‍ പാഞ്ഞെത്തും തനയര്‍ക്കു
കണ്ടിടാം സമാശ്വാസം നിന്നുടെ സമ്പര്‍ക്കത്താല്‍
ഇന്നവ കുറഞ്ഞുപോയ്‌ എങ്കിലും കരുണാര്‍ദ്ര
ബദ്ധയായ്‌ കൈനീട്ടുന്നൂ താന്തരേ ശുശ്രൂഷിപ്പാന്‍
ഉത്തുംഗാചലങ്ങളില്‍ ഭംഗിയില്‍ തിങ്ങിക്കാണും;
പച്ചിലക്കാടിന്‍ കാന്തി ശോഷിപ്പൂ ദിനം പ്രതി
വര്‍ഷവും കുറയുന്നൂ പാറകളിടിയുന്നൂ ഉഷ്ണമോ
വര്‍ദ്ധിക്കുന്നു, മാനവാ നിന്‍ ചെയ്തിയാല്‍
‍നിര്‍ത്തുക വേഗം നിന്റെ ഭാവിയേ ബാധിക്കുന്ന
ദുഷ്ടമാം പ്രവൃത്തിയേ അല്ലെങ്കിലോര്‍ക്കാന്‍ വയ്യ
കേരളാംബ തന്‍ നിത്യ സൗഭഗ ശരീരത്തില്‍
‍പോറലേല്‍പ്പിക്കാനല്ല നമ്മള്‍ തന്‍ പ്രവൃത്തികള്‍
അവരേ സംരക്ഷിക്കയാണല്ലോ തനയര്‍ നാം
ചെയ്യേണ്ടും പ്രഥമമാം കര്‍ത്തവ്യം മറക്കൊല്ലേ

വയനാട്ടിന്നൊരു പ്രണാമം

അന്നൊരു സയാഹ്നത്തില്‍ സഞ്ചാരം തുടങ്ങവേ
എത്തിനേനൊരുകുന്നിന്‍ ശൃംഗത്തിലേകാകിയായ്‌.
വീശിടും കുളിര്‍കാറ്റില്‍ കാപ്പിയും മുളകുമല്ലേ
ലത്തിന്‍ ഗന്ധം പോലുമാസ്വദിച്ചീടാം, പക്ഷേ
വേര്‍തിരിച്ചറിഞ്ഞീടാം മാനവശരീരത്തിന്‍
സ്വേദങ്ങള്‍ ചുറ്റുംചേര്‍ന്നു വായുവില്‍ കലര്‍ന്നതായ്‌.
കാടിനേ നാടായ്ത്തീര്‍ത്തതെത്ര കൈകളാലാണോ
അത്രയും കരങ്ങളേ കാണൂന്നേനദൃശ്യമായ്‌.
സൂചിപോല്‍ കുത്തിക്കേറും ശൈത്യവും കഠിനമാം
ജ്വരവും സഹിച്ചുകൊണ്ടെത്രപേര്‍ പ്രയത്നിച്ചൂ.
മര്‍ദ്ദനം ലഭിച്ചീടുംകൂലിയായ്‌ പലപ്പോഴും
തുഛമാം കടലാസുകഷ്ണങ്ങള്‍ ചിലപ്പോഴും.
അവരെ സ്മരിക്കുന്നൂ ഞാനുമീമുഹൂര്‍ത്തത്തില്‍
‍മണ്ണിനെ പൊന്നായ്ത്തീര്‍ത്ത പൂജ്യരാം യുവാക്കളേ
ഈ മണ്ണില്‍ത്തന്നെയല്ലോ കേരളമാതാവിന്റെ
വീരനാം പഴശിയും ജീവിതം സമര്‍പ്പിച്ചു.
ആ വീരയുവാവിന്റെ ഭൌതികം കലര്‍ന്നുള്ള
വയലിന്‍ നാടേ നിന്നിലര്‍പ്പിപ്പൂ പ്രണാമങ്ങള്‍
[കോളേരി യു.പി.സ്കൂള്‍.സോവനീരില്‍ 1976-ല്‍ ‍പ്രസിദ്ധീരിച്ചു]

നിളയുടെ തീരത്ത്‌

വെള്ളയാം വിരിപ്പിന്നു ചാര്‍ത്തിടും കരയ്ക്കൊപ്പം
നീങ്ങുന്ന പേരാറിന്റെ തീരത്തായ്‌ സായംസന്ധ്യ-
കുങ്കമചാറാല്‍ ‍മോടി തീര്‍ത്തിടും നേരത്തന്നു
നില്‍ക്കവേയിറങ്ങിപ്പോയ്‌,വര്‍ഷങ്ങള്‍പിന്നോട്ടപ്പൊള്‍-
ഈയൊരീ മണല്‍ത്തിട്ടിലെത്രപേര്‍ ‍തിങ്ങിക്കൂടി
കേരളം ഭരിക്കുന്ന സ്ഥാനത്തെ കണ്ടീടാനായ്‌
പന്തീരാണ്ടില്‍ ചേര്‍ന്ന പെരുമാള്‍ സ്ഥാനം കാണ്മാന്‍
പിന്നെയോ മാമാങ്കത്തിന്‍ യുദ്ധത്തിന്‍ സ്ഥാനം തേടി
ജന്മനാടിനു വേണ്ടി തങ്ങള്‍ തന്‍ രാജ്യം നേടാന്‍
‍ധീര നിശ്ചയം ചെയ്തു യുദ്ധരംഗത്തില്‍ വീണ
വള്ളുവനാടിന്‍ മക്കള്‍ ചാവേറെന്ന ഓമനപ്പേരാല്‍
‍തന്നുടെ രക്തം ചീറ്റി പാവനമാക്കി ഭൂമി
ഇന്നും ഞാന്‍ കണ്ടീടുന്നു രക്തപൂരിതപ്പേരാര്‍
‍വര്‍ഷത്തില്‍ കൂലംകുത്തിയൊഴുകും നേരത്തായി.
വന്ദ്യ നിന്‍ തീരത്തല്ലേ വിദ്യതന്‍ ക്ഷേത്രങ്ങളും
മൂര്‍ത്തികള്‍ മൂന്നും ചേര്‍ന്നസ്ഥാനവും വിളങ്ങുന്നു.
ദേവരാം മൂര്‍ത്തിത്രയം,മാനുഷമൂര്‍ത്തിത്രയം
ചേര്‍ന്നിടും സ്ഥാനം നമ്മള്‍ക്കെവിടെ കാണാന്‍പറ്റും
ധന്യയായ്‌ ഗമിക്കുന്ന പേരാറേ നിന്‍ ദേഹത്തില്‍
‍കാണുന്നൂ വേറേ ഭംഗി തിങ്ങിടും പൊന്‍ രത്നങ്ങള്‍
‍ഭാഷ തന്‍ കവിത്വത്താല്‍ സ്ഥാനിയായ്ത്തീര്‍ന്നാ കുഞ്ചന്‍
തുള്ളലാല്‍ ‍നിനക്കായി നല്‍കിനാനൊന്നന്നപ്പൊള്‍
‍കേരളകലാകേന്ദ്രം സ്ഥാപിച്ച ഭാഷാകവി
വള്ളത്തോള്‍ നേടിത്തന്ന രത്നവും മറ്റെങ്ങുണ്ട്‌
സര്‍വ്വവുമുദിക്കുന്ന പ്രസ്ഥാന നേതൃത്ത്വത്തിന്‍ കൈകളാല്‍
സാമൂഹ്യരംഗത്തേറേ വിപ്ലവം പടര്‍ത്തിച്ച
വീട്ടിതന്‍ തലോടലാല്‍ ‍ധന്യയായ്‌ തീര്‍ന്നോളല്ലേ
ഇന്നു നീ ഗമിക്കുന്ന കാഴ്ചയെക്കാണുന്നേര
മല്‍പമൊന്നസൂയയാല്‍ നിന്നെ ഞാന്‍ നോക്കീടുന്നു
നിന്നിലുള്‍ക്കൊള്ളും നാനാഗുണത്താല്‍ നീയെത്തുന്ന
സാഗരം സംശുദ്ധമായ്ത്തീര്‍ക്കാനോ വെമ്പീടുന്നൂ
നിന്നില്‍ ഞാനര്‍പ്പിക്കട്ടേ ലഘുവാമഭിവാദ്യം
അല്‍പ്പമൊന്നടഞ്ഞോട്ടെ സ്വല്‍പ്പമാം കൃതാര്‍ഥയാല്‍.‍

17-8-80ല്‍കേസരിയില്‍ വന്നിട്ടുണ്ടു.