Tuesday, December 30, 2008

നിളയുടെ തീരത്ത്‌

വെള്ളയാം വിരിപ്പിന്നു ചാര്‍ത്തിടും കരയ്ക്കൊപ്പം
നീങ്ങുന്ന പേരാറിന്റെ തീരത്തായ്‌ സായംസന്ധ്യ-
കുങ്കമചാറാല്‍ ‍മോടി തീര്‍ത്തിടും നേരത്തന്നു
നില്‍ക്കവേയിറങ്ങിപ്പോയ്‌,വര്‍ഷങ്ങള്‍പിന്നോട്ടപ്പൊള്‍-
ഈയൊരീ മണല്‍ത്തിട്ടിലെത്രപേര്‍ ‍തിങ്ങിക്കൂടി
കേരളം ഭരിക്കുന്ന സ്ഥാനത്തെ കണ്ടീടാനായ്‌
പന്തീരാണ്ടില്‍ ചേര്‍ന്ന പെരുമാള്‍ സ്ഥാനം കാണ്മാന്‍
പിന്നെയോ മാമാങ്കത്തിന്‍ യുദ്ധത്തിന്‍ സ്ഥാനം തേടി
ജന്മനാടിനു വേണ്ടി തങ്ങള്‍ തന്‍ രാജ്യം നേടാന്‍
‍ധീര നിശ്ചയം ചെയ്തു യുദ്ധരംഗത്തില്‍ വീണ
വള്ളുവനാടിന്‍ മക്കള്‍ ചാവേറെന്ന ഓമനപ്പേരാല്‍
‍തന്നുടെ രക്തം ചീറ്റി പാവനമാക്കി ഭൂമി
ഇന്നും ഞാന്‍ കണ്ടീടുന്നു രക്തപൂരിതപ്പേരാര്‍
‍വര്‍ഷത്തില്‍ കൂലംകുത്തിയൊഴുകും നേരത്തായി.
വന്ദ്യ നിന്‍ തീരത്തല്ലേ വിദ്യതന്‍ ക്ഷേത്രങ്ങളും
മൂര്‍ത്തികള്‍ മൂന്നും ചേര്‍ന്നസ്ഥാനവും വിളങ്ങുന്നു.
ദേവരാം മൂര്‍ത്തിത്രയം,മാനുഷമൂര്‍ത്തിത്രയം
ചേര്‍ന്നിടും സ്ഥാനം നമ്മള്‍ക്കെവിടെ കാണാന്‍പറ്റും
ധന്യയായ്‌ ഗമിക്കുന്ന പേരാറേ നിന്‍ ദേഹത്തില്‍
‍കാണുന്നൂ വേറേ ഭംഗി തിങ്ങിടും പൊന്‍ രത്നങ്ങള്‍
‍ഭാഷ തന്‍ കവിത്വത്താല്‍ സ്ഥാനിയായ്ത്തീര്‍ന്നാ കുഞ്ചന്‍
തുള്ളലാല്‍ ‍നിനക്കായി നല്‍കിനാനൊന്നന്നപ്പൊള്‍
‍കേരളകലാകേന്ദ്രം സ്ഥാപിച്ച ഭാഷാകവി
വള്ളത്തോള്‍ നേടിത്തന്ന രത്നവും മറ്റെങ്ങുണ്ട്‌
സര്‍വ്വവുമുദിക്കുന്ന പ്രസ്ഥാന നേതൃത്ത്വത്തിന്‍ കൈകളാല്‍
സാമൂഹ്യരംഗത്തേറേ വിപ്ലവം പടര്‍ത്തിച്ച
വീട്ടിതന്‍ തലോടലാല്‍ ‍ധന്യയായ്‌ തീര്‍ന്നോളല്ലേ
ഇന്നു നീ ഗമിക്കുന്ന കാഴ്ചയെക്കാണുന്നേര
മല്‍പമൊന്നസൂയയാല്‍ നിന്നെ ഞാന്‍ നോക്കീടുന്നു
നിന്നിലുള്‍ക്കൊള്ളും നാനാഗുണത്താല്‍ നീയെത്തുന്ന
സാഗരം സംശുദ്ധമായ്ത്തീര്‍ക്കാനോ വെമ്പീടുന്നൂ
നിന്നില്‍ ഞാനര്‍പ്പിക്കട്ടേ ലഘുവാമഭിവാദ്യം
അല്‍പ്പമൊന്നടഞ്ഞോട്ടെ സ്വല്‍പ്പമാം കൃതാര്‍ഥയാല്‍.‍

17-8-80ല്‍കേസരിയില്‍ വന്നിട്ടുണ്ടു.

4 comments:

വരവൂരാൻ said...

വെള്ളയാം വിരിപ്പിന്നു ചാര്‍ത്തിടും കരയ്ക്കൊപ്പം
നീങ്ങുന്ന പേരാറിന്റെ തീരത്തായ്‌ സായംസന്ധ്യ-
കുങ്കമചാറാല്‍ ‍മോടി തീര്‍ത്തിടും നേരത്തന്നു
നില്‍ക്കവേയിറങ്ങിപ്പോയ്‌,വര്‍ഷങ്ങള്‍പിന്നോട്ടപ്പൊള്‍

മനോഹരം.

പുതുവൽസരാശംസകൾ

എസ്‌ എന്‍ പയ്യൂര്‍ said...

വരവൂരാനേ നന്ദി.താങ്കള്‍ക്കും പുതുവല്‍സരാശംസകള്‍ നേരട്ടേ.

സന്തോഷ്‌ ഭീമനാട് said...

തിരുമേനി,
അസ്സലായിരിക്കുന്നു.
പഴയ ശൈലിയില്‍ ഉള്ള കവിതകള്‍,
അതും വാക്കുകള്‍ ഒഴുകി ഈണം ചോരാതെ,
വായിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം.
പിന്നെ ഒരു വിശേഷവും ഉണ്ട്,
നിള എന്നാ പതിവ് പ്രമേയം കണ്ടപ്പോള്‍ ഇതും ഒരു സാധാരണ വിലാപം ആകും എന്ന് ധരിച്ചു. പക്ഷെ നിളാ തീഎരത്തെ നല്ല കാഴ്ചകള്‍ ആണല്ലോ കാണിച്ചു തന്നത്.
നന്ദി, പ്രണാമം.

shinojpeter said...

ippolathe putiya sailiyil paranjal.adipoli.sarikkum aaswadichu, nila kanumbo kannil teliyunnatu ammayude virimariloode choratullikal chalittozhukiyalullatupole, manalilooode kattayaullachakrappadukalanu.pinne vativaranda puzhayeum....atilninnoru mochanamay ee kavita.nanni payyoore