Friday, January 23, 2009

ജൂലായ്‌ ഇരുപത്തൊന്ന്മ

ര്‍ത്യന്‍ ഭൂമിയെ വിട്ടുകൊണ്ടു മുയരേ-ച്ചെല്ലുന്നു ഗോളങ്ങളില്
‍പാര്‍ത്തട്ടിന്നുപകര്‍ന്നിടുന്നവിമലാ-ശ്ശീതാംശുവിന്നാഥനില്‍.
എത്തപ്പെട്ടൊരുനാള്‍തികഞ്ഞു പലതായ്‌-പ്പോയീദിനം ഇന്നഹോ!
പത്തും രണ്ടുകലര്‍ന്നവത്സരമിതി-ന്നാനന്ദ രോമാഞ്ചിതം (1)
ആംസ്റ്റ്രോങ്ങാല്‍ പാദമൂന്നിട്ടൊരുവിധമവിടംമാനവസ്പര്‍ശമേല്‍ക്കാന്
‍ശാസ്ത്രത്താലേ ഭവിച്ചോരസുലഭനിമിഷംനിത്യമായ്ത്തീര്‍ന്നസത്യം.
നിസ്തര്‍ക്കംഭാവിമര്‍ത്യന്‍ ഉപരിയുയരത്ത-ത്തന്തമില്ലാഖഗോള
പ്രസ്ഥാനം ചെന്നു ചേരും പ്രകൃതിയില്‍ വിജയോ-ന്മത്തനാം മാനവേന്ദ്രന്‍. (2)
[പൂതാടി ഗവ:യു പി സ്കൂള്‍ ഭാഭാ സയന്‍സ്‌ ക്ലബ്‌ ഉല്‍ഘാടനത്തിന്നു എഴുതിയത്‌.]

ഭാഭക്കൊരനുസ്മരണം

ഏറെ ഭീതിയുണര്‍ത്തിലോകജനതയ്ക്കെന്നും വിപത്താക്കിയോ-
രാറ്റംശക്തി മനുഷ്യഭാവിയെഗുണപ്പെട്ടുള്ളതാക്കാന്‍ വരേ,
മുറ്റുംജീവിതമേതൊരാള്‍ ചിലവഴിച്ചീശ്ശാസ്ത്രതത്വങ്ങളേ-
ചെറ്റും നേര്‍വഴിയാക്കിവാനിലമരും, ഭാഭേ! നമിക്കുന്നിതാ!
ആരിന്‍ ഭാരതതന്ത്രമിന്നുലകിനാല്‍ വാഴ്തപ്പെടുന്നില്ലയോ
ആരാലാണവികം ധരക്കു ഗുണമായ്ത്തീര്‍ക്കാന്‍ ശ്രമിച്ചുള്ളതും
ആരാഭാഭയെ മാര്‍ഗമാണ്ടു വളരാന്‍ കൂടുന്നൊരീഭാവിതന്‍-
പൗരന്മാരുനമിച്ചിടുന്നു വളരും ശാസ്ത്രജ്ഞരായ്ത്തീരുവാന്‍.
(പൂതാടി ഗവ.യു. പി സ്കൂള്‍ ഭാഭാ സയിന്‍സ്‌ ക്ലുബിനുവേണ്ടി എഴുതിയതു.)

അമ്പിളി

കുട്ടി:-
അമ്പിളിമാമനങ്ങാകാശവീഥിയില്‍
നീന്തിക്കളിക്കുന്നതെന്തു ഭംഗി.
എന്തൊരാഹ്ലാദമാണിപ്പോള്‍പരക്കുന്ന-
ചന്തമിയന്ന നിലാവു കാണ്മാന്‍!
മേഘങ്ങള്‍ വന്നിട്ടു തൊട്ടുതലോടുന്ന-
വീഥിയില്‍ വഞ്ചിപോല്‍സഞ്ചരിക്കാന്‍.
എങ്ങിനെ ഞാനിനി യെത്തിടുമമ്പിളി-
മാമന്റെ ചാരത്താ വള്ളമാകാന്‍.
അമ്മ:-
എന്തൊരു വിഡ്ഢിത്തമാണു നീചൊല്ലിയ-
തന്തമില്ലാത്ത പ്രവൃത്തിയല്ലേ!
ഈലോകശില്‍പിയാംദൈവത്തിന്‍ കണ്ണുക-
ളല്ലയോ സൂര്യനും ചന്ദ്രനെന്നും,
നമ്മുടെപുണ്യപുരാണങ്ങള്‍ ചൊല്ലുന്നൂ,
തെറ്റെന്യേ നീയവ ശ്രദ്ധിക്കേണം.
അച്ഛന്‍:-
നിങ്ങളിരുവരും ചൊല്ലിയ വാക്കുകള്‍
സത്യമായീടാമെന്നാകിലു മീ-
ശാസ്ത്രത്തിന്‍ സത്യങ്ങള്‍ മാത്രമേ ഭാവിയില്‍,
ലോകത്തില്‍നമ്മള്‍ക്കു യോജിച്ചീടു.
കത്തി ജ്വലിക്കുമാ സൂര്യനക്ഷത്രത്തിന്‍-
ചുറ്റും കറങ്ങുന്നഭൂമിയല്ലോ!
ഭൂമിയേചുറ്റുമാഗോളമാം ചന്ദ്രനില്‍
സൂര്യപ്രകാശത്താല്‍ വെട്ടം കാണ്മൂ.
മര്‍ത്ത്യന്റെ പാദങ്ങള്‍ ചന്ദ്രനില്‍പ്പോലുമാ-
യൂന്നിയ കാലത്തിന്‍ വിശ്വാസങ്ങള്‍.
മാറ്റിയെഴുതുന്ന ഘട്ടത്തില്‍ നിങ്ങളും,
മാറ്റുക! വേഗത്തില്‍ തെറ്റുകളേ!

പ്രാര്‍ഥന

ഈമനോഹരവിശ്വശാന്തിയില്‍-
മുഖ്യമായൊരുസേവനം.
എത്രശാസ്ത്രജ്ഞര്‍ ഗണ്യമായൊരു,
പങ്കുനല്‍കിയ സേവനം.
എന്നുമീമണ്ണില്‍ മാത്രമല്ലല്ലീ-
വിണ്ണിലും തൂമയേകുന്നൂ.
ഏതുവസ്തുവില്‍പ്പോലുമേശുന്ന-
ശാസ്ത്രമേ!വെല്‍ക നാള്‍ക്കുനാള്‍!

ശാസ്ത്രത്തിന്റെ വളര്‍ച്ച

ആദ്യമനുഷ്യന്‍ തൊട്ടീ പ്പുതുതാകും കാലംവരേ
മര്‍ത്യനുടെവിജ്ഞാനത്തിന്‍ വളര്‍ച്ചയെല്ലാം.
നവം നവവിജ്ഞാനമാം ശാസ്ത്രജ്ഞാനം വളര്‍ത്തുന്ന-
തതിശയമനോഹര പ്രതിഭാസങ്ങള്‍.
എത്രയെത്ര?നൂതനമാ മാകസ്മികസംഭവങ്ങള്‍
പുത്തനാകും ശാസ്ത്രത്തിന്റെ വെളിച്ചമേകി.
മര്‍ത്യലോകംസഞ്ചരിച്ച പാതതോറും പ്രകാശിച്ച-
കൈവിളക്കു ജ്വലിക്കുന്നൂ,നമുക്കുപിന്നില്‍
എത്രയെത്ര കൈത്തിരികളിനിയുമീയാത്രക്കായി-
കൊളുത്തുവാന്‍ ബാക്കിയായി മുന്നില്‍ വാഴുന്നൂ?
നാം പിറന്നമണ്ണും വിട്ടു വിണ്ണീലേക്കും ബാഹ്യാകാശ-
രംഗത്തേക്കും യാത്രചെയ്തിട്ടെവിടെയെത്തീ?
ഭൂമിതന്റെയുപഗ്രഹ മെന്നുചൊല്ലുമമ്പിളിയും,
കീഴടക്കി ശുക്ര-ചൊവ്വഗൃഹങ്ങളിലും.
തങ്ങളുടെവൈജയന്തി പാറ്റുവാനായഹോരാത്രം-
തീന്നീടാത്ത വിജ്ഞാനത്തിന്‍ മനുജദാഹം.
കായ്കനികള്‍ ഗുഹാമുഖം കൈമുതലായ്തുടങ്ങിയ-
മാനവന്റെ സ്ഥിതിയെത്ര വളര്‍ച്ചനേടി?
അന്നവന്റെ സ്വപ്നത്തിലും കാണുവാനായ്കഴിയാത്ത-
മാനവന്റെ ശക്തിക്കെല്ലാം നിദാനമെന്തോ?
നമ്മള്‍നല്‍കും പേരാകുന്നൂ,ശാസ്ത്രമെന്നും സയിന്‍സെന്നും,
തിന്മപൂണ്ടു നശിക്കാതെയുയന്നിടട്ടേ!

Saturday, January 17, 2009

കുട്ടികള്‍ക്കൊരു കവിത: പനിനീര്‍മുത്തം

മുറ്റത്തുള്ളോരു പനിനീര്‍പ്പൂച്ചെടി-
മുറ്റും പൂത്തു നിറഞ്ഞല്ലോ.
മുള്ളുകളനവധിയുണ്ടെന്നാലും
കൊള്ളം പൂവുപറിച്ചെങ്കില്‍.
മാലകൊരുത്താല്‍ മുടിയില്‍ വെയ്ക്കാം,
മാലകൊരുക്കാന്‍ ചേച്ചിയുമുണ്ട്‌.
ചേച്ചിക്കൊപ്പം ഞാനും കൂടി
മെച്ചം ചേരും മാലകൊരുത്തൂ.
മാലയണിഞ്ഞിട്ടാഹ്ലാദത്തിന്‍
പാലുകുടിച്ചിട്ടെത്തുമ്പോള്‍
അമ്മയെടുത്തൊരു മുത്തംതന്നൂ
ഉമ്മതരാനായച്ഛനുമെത്തീ.

വിജയിക്കട്ടെ!

അംബരം ചുംബിക്കും മാമലനാട്ടിലാ-
യംബുജ വാസത്തിന്‍സ്പര്‍ശമേറ്റ-
നന്മതിളങ്ങുമാ മണ്ണിന്റെ മക്കളി-
ലൊന്നിച്ചുവാഴുവാന്‍ ഭാഗ്യമുണ്ടോ?
നല്ലമരതകമാലകള്‍ നിര്‍മ്മിക്കും,
ചൊല്ലേറുംശ്യാമമാമങ്കം കാണാം.
നല്‍പ്പവിഴത്തിന്റെ കൂട്ടം പോല്‍ദര്‍ശിപ്പൂ
കാപ്പിയും നിന്റെ പരിസരത്തില്‍.
ഏലത്തിന്‍ ഗന്ധവും വായുവില്‍ ചേരുന്ന-
കാലവും മറ്റ്‌ ഏങ്ങുകിട്ടീടാവൂ.
സായന്തനത്തിലായ്‌ മഞ്ഞണിക്കുപ്പായം
കായത്തില്‍ചേര്‍പ്പതും കണ്ടീടുന്നേന്‍.
വീരപഴശ്ശിയും കാനനസേനയും,
ധീരമായ്‌ കേരളംസംരക്ഷിപ്പാന്
‍തന്നുടെരക്തത്താല്‍ സംശുദ്ധമാക്കിയ-
പുന്നെല്ലിന്‍ നാടേ ജയിക്ക്മേന്മേല്‍.

Friday, January 16, 2009

പുഷ്പചക്രം

കേരളമാതാ ജന്മം നല്‍കിയ-
മൂര്‍ത്തികള്‍ മൂവരില്‍ പൂര്‍വന്മാരില്‍.
അഗ്രേസരനായ്ക്കണ്ടിടാമല്ലോ-
ലക്കിടിയുള്ളൊരു കുഞ്ചന്‍ നമ്പ്യാര്‍.
അടിമത്വത്തിന്‍ ചങ്ങല മാറ്റാന്‍-
പുതിയൊരു വിപ്ലവഗാനം പാടാന്‍-
നിദ്രയില്‍നിന്നുപുറപ്പെട്ടുള്ളൊരു-
വിദ്യാദാനമതെത്ര വിചിത്രം.
സീമകളില്ലാതെല്ലാപേര്‍ക്കും,
വ്രീളകളഞ്ഞു രസിപ്പാന്‍ പോരും,
നാനാകഥകളുമല്ലോരോ വിധമാം
തത്വം പാടിമനസ്സിലുറക്കാന്‍.
പുതിയൊരു വിപ്ലവശബ്ദം പകരാന്‍-
പാരമ്പര്യം പൊട്ടിച്ചെറിയാന്‍,
തന്നുടെതൂലികയോലക്കീറില്‍-
കുത്തും വരയും ചേര്‍ത്തീടുമ്പോള്
‍ചെന്നുതറച്ചിതു മാമൂല്‍ക്കാരുടെ
നെഞ്ചില്‍ വേദനയുണ്ടാക്കുന്നൂ.
ഖേദംവന്നോ മാമൂല്‍ക്കാര്‍ക്കാക്ക്‌?
മോദംവന്നൂ,ജനഹൃത്തിങ്കല്‍!
ജനഹൃദയത്തില്‍ സ്ഥാനം നേടിയ-
ജനകീയക്കവി-കുഞ്ചന്‍ നമ്പ്യാര്‍.
ജനകീയ്ത്തിന്‍ ചിത്രം ചാര്‍ത്തി
ജനതതിയെല്ലാം മോദിക്കുന്നൊരു-
ജനനം കേരളഭാഷക്കായി-
ത്തീന്നതു കാരണമിന്നീവന്നും,
ഉള്ളില്‍ കുളിരു പിടിപ്പിക്കാനും,
നിന്നുടെചാരെവന്നെത്താനും,
ആശിച്ചുല്ലൊരനര്‍ഘനിമേഷം-
സാധിതമായീ,പുജിക്കാനും.
മാനത്തമ്പിളി നക്ഷത്രങ്ങള്
‍ഏതൊരുകാലം നിന്നീടുന്നൂ?-
അന്നേവരെയും നിന്നാമത്തെ ,
പൂര്‍ണ്ണതമുറ്റിക്കാണ്മാന്‍ കഴിയും-
കവിതാസരണിയിലൊഴുകും നിരവധി
ജലജീവികളില്‍പ്പെടുവാന്‍ മോഹം.
മനസാനിരുപിച്ചീടുന്നോരീ-
യെന്നില്‍ പകരൂ,കനിവിന്നല്‍പ്പം.
മംഗളമോതാം കവികുലവന്ദ്യാ-
മഗലനാഥാ,മൂര്‍ത്തിമഹാത്മാ.

തകര്‍ന്നസ്വപ്നങ്ങള്‍

‍സ്നേഹമെന്നാളും പൂണ്ട നിന്‍ ഗേഹംവിട്ടീടുന്നൂ-
സ്നേഹമില്ലാഞ്ഞിട്ടല്ലെന്‍ ശപ്തമാം മനസ്സിങ്കല്‍.
വിധിതന്‍ സമ്മര്‍ദ്ദത്താല്‍ വിട്ടകലുന്നേന്‍ സ്നേഹ-
നിധിമാര്‍ പോകൊല്ലെന്നു ചൊല്ലിടും നേരംതന്നെ.
നീയുയര്‍ത്തിനേനെന്നെ മോഹനസ്വപ്നത്തിന്റെ
പായലില്‍ സന്തോഷത്താല്‍ അന്നു ഞാന്‍ ആഹ്ലാദിച്ചു.
ഭംഗുരമാണെന്നോര്‍ത്തതില്ല ഞാന്‍, വീണ്ടും വീണ്ടും
മംഗളമായിത്തീരുമെന്‍ ഭാവിയെന്നായോര്‍ത്തു
മന്ദമാരുതന്‍ തീര്‍ത്ത കുഞ്ഞോളം താരാട്ടുമ്പൊള്‍-
സുന്ദരമായിത്തീര്‍ന്നു നിദ്രയും സ്വപ്നങ്ങളും.
ആഞ്ഞടിച്ചീടും കാറ്റിലോളങ്ങള്‍ ശക്തിപ്പെട്ടു
നീങ്ങവേ തകര്‍ന്നുപോയ്‌ ഞാനും എന്‍ മോഹങ്ങളും.

Tuesday, January 13, 2009

വിപ്ലവം ജയിക്കട്ടേ

അവ്യക്തമായി കേള്‍ക്കാംസ്പന്ദനം മരണത്തിന്‍-
തവ്വിലായ്പ്പോലും, നീണ്ടഗല്‍ഗദമായിത്തന്നേ.
ഉച്ചത്തില്‍ പുറത്തെങ്ങും ശംഖൊലി വെല്ലും പോലെ-
യച്ചിരമുദ്രാവാക്യം"വിപ്ലവം ജയിക്കട്ടേ"
നിങ്ങള്‍തന്‍ ശബ്ദത്തിന്നു ശക്തിയെനല്‍കിപ്പോന്ന-
തെങ്ങുനിന്നാണേന്നൊന്നുമോര്‍മ്മതന്‍താളില്‍ക്കൂടി
സഞ്ചരിച്ചീടില്‍പിറകോട്ടു,നാംകണ്ടീടുന്നൂ.
വഞ്ചനക്കാരാംസമ്പല്‍ ശക്തിതന്‍ മഹാശക്തി.
ഭംഗുരമായിത്തീര്‍ന്നചിത്രങ്ങള്‍ തിങ്ങിചേരും,
ഭംഗിപൂണ്ടതാം പൂര്‍വചരിത്രം വായിച്ചാലും.
അടിമത്വത്തെ തെല്ലും സഹിയാതുണന്നുള്ളോ-
രടിമക്കാരൊന്നിക്കേ സ്വാതന്ത്ര്യദാഹം തീര്‍ക്കാന്‍.
സ്വേച്ഛാധിപത്യത്തിനും രാജസപ്രൗഢിക്കെല്ലാ-
മച്ഛനാം പ്രഭുത്വത്തിന്‍ നേരിലുമുയര്‍ന്നതാം.
വിപ്ലവശബ്ദം ദൂരെമാറ്റൊലിക്കൊണ്ടീടുന്നൂ.
വിപ്ലവാവേശം പൂണ്ട യൗവ്വന രക്തം തോറും.
അംബരം ചുംബിക്കുന്ന പോലല്ലീരണത്തിന്റെ-
ബിംബവും,പ്രകാശിക്കുംചെഞ്ചോരപ്പതാകയും.
പാറുന്നൂ വിഹായസ്സില്‍ വിപ്ലവചിഹ്നം നീളേ
നീറുന്ന ചിത്തങ്ങള്‍ക്കായാശ്വാസം പകര്‍ന്നീടാന്‍.
മൃത്യു വക്ത്രത്തിന്‍ ചിഹ്നം പോലവതോന്നിക്കുന്ന-
കുത്തകക്കാരാം വിത്തമാളിടും മര്‍ത്യന്മാരില്‍.

അന്തപ്പുരയില്‍ നിന്നും

നാലുകെട്ടിലായെന്റെ ജീവിതം തുടിക്കുന്നൂ-
ജാലകക്കൂട്ടില്‍പ്പെട്ട തത്തയേപ്പോലെത്തന്നേ.
എത്രനാളുകളായിട്ടീത്തറവാട്ടിന്‍ ക്രൂര-
കാന്താരമധ്യത്തിങ്കല്‍ മോചനം പ്രതീക്ഷിപ്പൂ.
എന്‍സഹജാതര്‍ക്കെല്ലാം സ്വാതന്ത്ര്യം സിദ്ധിച്ചിട്ടും-
എന്തിനാണെന്നെക്കൂടി വിട്ടയച്ചീടാന്‍ പേടി.
എന്‍ കൂട്ടുകാര്‍ക്കെല്ലാര്‍ക്കും മോചനം നല്‍കീടാനാ-
യെത്തിപോല്‍ ദൈവത്തിന്റെ ദൂതരേപ്പോലേചിലര്‍.
അവരിന്നാഹ്ലാദത്തിന്മേടയില്‍ വിരാജിപ്പൂ.
അമരാപുരിക്കുള്ളില്‍ മേവിടും നരര്‍ക്കൊപ്പം.
മോഹനസ്വപ്നങ്ങളെ നെയ്തുകൊണ്ടിരിക്കുമ്പോള്‍-
പൊട്ടിപ്പോയ്ത്തുടങ്ങുന്നൂ,പൂര്‍ണ്ണമായ്ത്തീരും മുന്‍പേ.
"ജന്മരാശിതന്‍ ദോഷ"മാണത്രേ യെനിക്കെന്റെ-
ജന്മസാഫല്യം നേടാന്‍ വിഘ്നമായ്ത്തീരുന്നതായ്‌,
അഛനമ്മമാര്‍പോലുമുറക്കേ പ്രസ്താവിപ്പൂ.
-കേള്‍ക്കാതെ ഞാനുംകേള്‍ക്കാന്‍-എന്തു ഞാന്‍ ചെയ്തീടേണ്ടു
വിത്തമില്ലാഞ്ഞിട്ടല്ല,വൈരൂപ്യംവന്നിട്ടില്ല.
ചിത്തത്തിന്‍ ദാഹം തീര്‍ക്കാന്‍ ലേശവുംകഴിയാതായ്‌.
ഇരുളും പുകയുമായ്ത്തഴുകും പുരാതന-
പാചകശാലക്കുള്ളില്‍ത്തന്നെയോ,ഹതവിധി?
മുറ്റും ഞാനാലോചിച്ചൂ കണ്ണുനീര്‍ തൂകിപ്പോകേ-
വറ്റിപ്പോയ്‌ വരണ്ടേറെ, താഴെപ്പോയ്‌ എന്‍ നേത്രങ്ങള്‍.

ദിവ്യദര്‍ശനം

പുത്തനാമുടുപ്പിട്ടു ,പുസ്തകക്കെട്ടും താങ്ങി-
പൂത്തവല്ലരിക്കൊപ്പം നീങ്ങുന്ന നാടിന്മക്കള്‍-
ഭാവിയില്‍ രാഷ്ട്രത്തിന്റെ ചെങ്കോലുകയ്യേല്‍ക്കേണ്ടോര്‍-
ഭാവനതുന്നിച്ചേര്‍ക്കും നിര്‍മ്മല ചിത്തത്തോടെ,
തങ്ങളില്‍ വിജ്ഞാനത്തിന്‍ കൈത്തിരി കത്തിക്കുന്ന-
തിങ്കളായ്പ്രശോഭിക്കും, വിദ്യതന്‍ ക്ഷേത്രത്തിനേ-
ദര്‍ശിപ്പാന്‍, മനസ്സാലേപ്രാര്‍ഥിച്ചു നീങ്ങീടുമ്പോ-
ളാശയാല്‍മാതാപിതാവൃന്ദങ്ങള്‍, സംതൃപ്തരായ്‌.
നോക്കിനിന്നുമാ ശ്വാസമേല്‍പതും കണ്ടുംകൊണ്ടാ-
മേടതന്‍ സമീപത്തു നിന്നു ഞാന്‍ ചിന്തിച്ചു പോയ്‌,
ഏതൊരു ചിത്രം പോലും കയ്യേല്‍ക്കാന്‍ തയ്യാറായ
ക്യാന്‍വാസിന്‍ കൂട്ടങ്ങളോ, തൂവെള്ളച്ചുമര്‍താനോ?
ചിത്രകാരനായ്‌ തീര്‍ത്ത നിറത്തിന്‍ പാത്രങ്ങളില്‍
തൂവലായ്‌ ത്തീര്‍ന്നീടട്ടെ ജോലികളാരംഭിക്കാന്‍.
മുന്നിലായൊരുക്കുന്ന കാഴ്ച പോലല്ലീദിവ്യ-
ദര്‍ശനം നമുക്കായിട്ടൊരുങ്ങി ചേര്‍ന്നീടുന്നൂ.

Monday, January 12, 2009

നമ്മുടെസംസ്കാരം

കാര്‍ഷിക,വ്യവസായ-വാണിജ്യരംഗത്തെല്ലാ-
മാര്‍ഷഭാരതം തന്റെ വൈജയന്തിയെപ്പാറ്റി.
മാനവന്‍ വളരുന്നൂ ഭൂമിയുംകടന്നുചെ-
ന്നകാശസീമക്കെല്ലാമപ്പുറത്തോളം, പക്ഷേ-
ഒട്ടുമേവളര്‍ന്നില്ലാ മാനസരംഗത്തിങ്കല്
‍കാട്ടിലായ്‌ വര്‍ത്തിച്ചോരാ കാലഘട്ടത്തീല്‍നിന്നും.
ആദ്യത്തെമര്‍ത്യന്‍ തൊട്ടീപ്പുത്തനാം ലോകത്തിങ്കല്‍.
ജാതനായ്ത്തീരുന്നോരോ ജീവനില്‍പ്പോലുംകഷ്ടം.
അന്യോന്യം ഭയാശങ്ക വിട്ടീടാ മനസ്സിന്റെ-
യുള്ളിലായ്‌ നിറച്ചുള്ള ദുഷ്ടമാം വികാരത്താല്‍.
വിദ്യയില്‍ വിജ്ഞാന്ത്തിലഗ്രഗണ്യമാംസ്ഥാനം
മുദ്രിതമായെന്നാലും കൈവിടാ കാലുഷ്യങ്ങള്‍.
ഒന്നായിപ്പിറന്നോരെയൊന്നായിജീവിച്ചോരേ-
യന്യരായ്കണക്കാക്കിയന്യോന്യം വൈരംകാട്ടി.
രക്തപങ്കിലം തീര്‍ക്കാന്‍ താനാദ്യം സ്രമിക്കുന്ന-
വ്യക്തിയായ്ത്തീരാന്‍ വെമ്പും മോഹങ്ങള്‍നമുക്കെന്നും
ഏതൊരുകാലത്താണീ മാനവന്‍ മനസ്സിന്റെ-
ജാതിത്തം മാറ്റീട്ടൊന്നു നവ്യമാമുദയത്തേ
സൃഷ്ടിക്കാങ്കഴ്‌ഞ്ഞീടും നാളിനെസ്വപ്നം കണ്ടു,
സൃഷ്ടികര്‍ത്താവും നമ്മേനോക്കിപുഞ്ചിരിക്കൊള്‍വൂ.
(23-08-80നു കേണിച്ചിറ യുവപ്രതിഭയില്‍ അവതരിപ്പിച്ചത്‌.)

കവിയുടെചിന്ത

എത്ര ഞാന്‍ കുത്തിക്കുറിച്ചൂ കടലാസ്സി-
ലെത്രപേരതുകണ്ടു,കളിയായ്‌ ചൊല്ലിപ്പോന്നു.
താനൊരു കവിശ്രേഷ്ഠന്‍ സാമൂഹ്യ,സാംസ്കാരിക-
രംഗത്തായ്‌ മാറ്റം ചേര്‍ക്കാനൊത്തിണങ്ങിയോനത്രേ?
കേവലം പരിഹാസ വാക്കുകള്‍ ചൊല്ലുമ്പോഴു-
മെമ്മനം മനോരാജ്യ ലോകത്തില്‍ ചെന്നീടുന്നൂ.
മാറ്റുവാന്‍ ചട്ടങ്ങളെ വിപ്ലവശബ്ദം ചേര്‍ക്കാന്‍,
എന്മനം കൊണ്ടെത്രനാള്‍ വരികള്‍ കൂട്ടിച്ചേര്‍ത്തൂ.
മര്‍ദ്ദിതന്മാരം സാധുജോലിക്കാര്‍,പാവപ്പെട്ട-
പട്ടിണിക്കോലങ്ങളും ജീവിതോപായത്തിന്നായ്‌.
കാഹളം മുഴക്കുമ്പോള്‍ കാതിലില്‍പതിക്കുന്ന-
ശബ്ദവീചികള്‍ ഹൃത്തില്‍ ചേര്‍ന്നു,സ്പന്ദനം നടത്തുമ്പോള്‍
‍കൈകളാലവ പതിച്ചീടുന്നൂ,പേനത്തുമ്പാല്‍.
തൂവെള്ള ക്കടലാസിലക്ഷരമാല്യം പോലേ
ഇന്നവകൊണ്ടീലോകഗതിയെ മാറ്റാന്‍പോണം
എന്നെനിയ്ക്കിപ്പോള്‍തോന്നി ചുറ്റിലും നോക്കുന്നേരം.
അസമത്വത്തിന്‍ നേരേ കാഹളം മുഴക്കുന്ന
സോദരന്മാരില്‍ പരിവര്‍ത്തനം ചെലുത്തീടാന്‍,
എന്‍ വരിയാലേ സാധിച്ചെങ്കില്‍ ഞാന്‍ കൃതാര്‍ഥനായ്‌-
യൊന്നു പുഞ്ചിരിച്ചീടാന്‍,സാധിതമായില്ലൊട്ടും.
ഇന്നുമാപ്രതിധ്വനി യിപ്പൊഴും കേട്ടീടുന്നൂ,
തങ്ങളെസ്സഹായിപ്പാന്‍ വാക്കുകളാലെത്തന്നേ
ഭീകരാധികാരത്താല്‍ കൈത്തോക്കും ബോംബും ചേര്‍ന്നു
ഭീകരമാകും യുദ്ധ രംഗവും തീര്‍ത്തീടുന്നൂ
വിപ്ലവം ശബ്ദിക്കുന്ന ഭരണക്കാരിന്നേരേ-
വിപ്ലവാവേശം പൂണ്ടു മാനവര്‍ നീങ്ങീടുന്നൂ
അവരില്‍ക്കാണും വീര്യരക്തത്തില്‍ കലര്‍ന്നീടാന്‍-
ഇന്നു ഞാന്‍ കുറിക്കുന്നേ നക്ഷരക്കൂട്ടങ്ങളേ.

രണ്ടുമുഖങ്ങള്‍

ഒന്ന്
======

സ്മിതമായ്ദര്‍ശിക്കുന്ന നിന്നുടെ വദനത്തെ-
കണ്ടു ഞാന്‍ കൊതിക്കുന്നൂ വാക്കുകള്‍ മൊഴിയട്ടെ.
നിന്നില്‍ ഞാനര്‍പ്പിക്കട്ടേ യെന്നുടെ ഹൃദയത്തെ-
സ്വീകരിക്കുമോ ചൊല്ലൂ,എന്തിനീനിശ്ശബ്ദത.
ജീവിതസഞ്ചാരത്തിലേകനായ്‌ നടക്കുമീ-
യെന്നുടെ സഹായത്തിന്നെത്തുമോ പ്രിയതോഴി.
നിനക്കായ്‌ തുറന്നിതാ വെയ്ക്കുന്നൂ കവാടങ്ങള്‍.
കടക്കൂഭയം കൂടാതീയൊരീഗൃഹത്തിങ്കല്‍.
മറ്റൊരാള്‍ കടക്കാത്ത, നിനക്കായ്നിര്‍മ്മിച്ചോരീ-
മാനസക്ഷേത്രത്തില്‍ നീയെത്തിടൂ മടിയാതേ
ചുറ്റിലും കാണാം ബഹുശത്രുക്കളയല്‍പക്ക-
ത്താരിലുമസൂയയാം കൂട്ടുകാര്‍ പ്രീണിപ്പവര്‍.
കേട്ടിടാം പ്രലോഭനം ഭീഷണി,പലപ്പോഴും-
കേട്ടിടായ്കവയൊന്നും നിര്‍ഭയം വരൂതോഴീ.
പൂവുകള്‍ വിടരുമ്പോള്‍ വണ്ടിണ തത്തിക്കൂടും
ശാശ്വതമാണീയുവവൃന്ദങ്ങള്‍ ദ്വന്ദിപ്പതും.
മാറ്റുവാന്‍ കഴിയാത്ത പ്രതിഭാസത്തെച്ചൊല്ലി,
വിട്ടുപോവുകയില്ല,നീയെന്നായ്‌ കരുതട്ടേ.
ഒന്നുഞ്ഞാധരങ്ങള്‍ നിന്നുടെയധരത്തില്‍-
ച്ചേര്‍ക്കട്ടെയുറപ്പിക്കാന്‍ നമ്മള്‍തന്‍ സമാഗമം.
രണ്ട്‌
====

എത്രനാളുകളായി കാത്തിരിപ്പിതാനാഥാ ,
നിന്നുടെസമാഗമം കൊതിച്ചീ പൂങ്കാവിങ്കല്‍.
എന്തു നീവരാഞ്ഞതെന്നെത്ര ഞാന്‍ നിരൂപിച്ചൂ.
ഇന്നലെ, ഇന്നും കാത്തുനില്‍കയാണബല ഞാന്‍
നിന്നുടെകരാംഗുലി നീട്ടുമാപുഷ്പങ്ങളാല്‍-
ചാര്‍ത്തിടും ശിരസ്സുമായ്‌ വന്നുനില്‍ക്കുന്നൂ മുന്നില്‍.
പോകയാണിവിടെനിന്നേതൊരു ദേശത്തിലേ-
യ്ക്കേതുമേയറിയാത്ത മാര്‍ഗ്ഗങ്ങള്‍ കടന്നു ഞാന്‍.
യാത്രചോദിപ്പാന്‍ വന്നുനില്‍ക്കൂമീയഗതിയേ
കാണുവാനനുമതി നല്‍കുവാന്‍ നീയെത്തീലാ-
എന്തുകൊണ്ടെഴുന്നള്ളാന്‍ താമസിച്ചീടുന്നിതു
ചൊല്ലുമോപ്രിയതോഴാ? ജോലികള്‍തടസ്സമോ?
എന്നിരുന്നാലും ഞാനെന്‍ കോവിലില്‍ പ്രതിഷ്ഠിച്ച-
ദേവവിഗ്രഹം പൂജിക്കുമീദ്ദേവിയെമറക്കൊല്ലേ
മാനസതൃക്കൊവിലില്‍ മറ്റൊരു പ്രതിഷ്ഠക്കായ്‌
കാണുവതില്ലാ മറ്റു ബിംബങ്ങള്‍ നീയല്ലാതെ
പൂജക്കായൊരുക്കുന്നൂ,പുഷ്പങ്ങള്‍ സുഗന്ധവും
നീവരൂവേഗംവന്നെന്‍ പൂജയേകൈക്കൊണ്ടീടൂ.

Thursday, January 8, 2009

ആത്മഗതം

നാകലോകത്തെപ്പോലെ ജീവിതം സുഖിപ്പിച്ച,
നാളുകളോര്‍മ്മിക്കുന്നൂ ദൈന്യനാം ഗൃഹാധിപന്‍.
ഇന്നെനിക്കൊന്നും ചെയ്യാന്‍ വാര്‍ധക്യം സാധിപ്പീല-
മുന്നമെന്‍ യുവ കാലത്തെത്ര ഞാനധ്വാനിച്ചൂ.
അന്നുമെന്‍ അധ്വാനത്തിന്‍ പാദപം കിളുര്‍ ത്തില്ല,
ഫലമില്ലാതെന്‍ മുന്നില്‍ ശുഷ്കമായ്‌ വിളങ്ങുന്നൂ.
ഇന്നു ഞാന്‍ രക്ഷിയ്ക്കേണം ജിവിതമാര്‍ഗത്തിന്നു-
ഖിന്നരായ്കഴിയുന്നോ രംഗങ്ങളൊട്ടൊന്നല്ലാ-
എത്ര ഞാനാശിച്ചുപോയ്‌ ഓമനമുഖം കാണ്മാന്‍-
പുത്രനായ്‌ ത്തീരാന്‍ വംശപൂര്‍ത്തിയേസ്സാധിച്ചീടാന്‍.
വിധിയാല്‍ കൈയില്‍ കിട്ടി പെന്മക്കളൊട്ടൊന്നല്ലാ-
വളരും മോഹത്തൊടെ ജീവിതം നീക്കിപ്പോകേ.
അവരില്‍ പ്രായം കൂടും മക്കളേ സ്ഥാനം നോക്കി-
യെത്തിക്കാന്‍ സാധിച്ചില്ല-യേവരെയിന്നുംകഷ്ടം.
മൂത്തവരെത്തിച്ചേര്‍ന്നൂ, ഭാഗ്യത്താലോരോ ദിക്കില്‍
വിത്തവും സത്തും ചേര്‍ന്ന ശക്തമാം കരങ്ങളില്‍.
ഇന്നിതാ കാത്തും കൊണ്ടുനില്‍ക്കൂന്നൂ മല്‍പ്പുത്രിമാര്‍
‍തങ്ങള്‍തന്‍ സ്വപ്നം പൂര്‍ണ്ണമാക്കുവാന്‍ മോഹം ചേര്‍ന്നായ്‌.
അവരെ സംതൃപ്തരായ്‌ ത്തീര്‍ക്കുവാന്‍ കഴിയാത്ത-
തേവമെന്‍ പരിസ്ഥിതി യെങ്ങിനേ ചൊല്ലീടേണ്ടൂ.
പുത്രരില്‍ പ്രായം ചെന്നജീവനോ തന്‍ കാര്യത്തി-
നെത്ര നാളുകള്‍, രാജ്യംവിട്ടുപോയ്‌, ജയിച്ചില്ല.
പുത്രികള്‍ ചിലര്‍ പാഞ്ഞൂ,ജീവിതദാഹം തീര്‍ക്കാന്‍
അല്‍പമീകുടുംബത്തെ രക്ഷിപ്പാന്‍ സാധിച്ചെങ്കില്‍.
നാനാലോകത്തെപ്പോലെ സന്തോഷം സംതൃപ്തിയും
ചേര്‍ന്നൊരാ കാലം വീണ്ടും വരുവാന്‍ സാധിക്കില്ലേ?
എത്ര പേര്‍ തിങ്ങിക്കൂടും ഭക്ഷണം, നേരം പോക്കു-
മാത്രമോ വിത്തത്തിനും, സാധിപ്പാനെന്നെല്ലാമേ.
സമ്പത്തു കാണുന്നേരമോടി വന്നടുക്കുന്നൂ
സമ്പത്തിന്‍ തകര്‍ച്ചയിലേവരും നീങ്ങിപ്പോകും.
പോത്തിനെ കെട്ടിപ്പോന്ന ഗേഹത്തില്‍ കെട്ടീടാമോ
ആനയെ, എന്നാവാക്യമോര്‍പ്പൂ ഞാനീന്നേരം.
യൗവനപ്രായം ചെന്ന പുത്രിമാര്‍ മുന്നില്‍ കാണ്‍കെ
യൗവനകാലം മുന്നില്‍ വന്നുനില്‍ക്കയാണിന്നും.
അവരെക്കാണുന്നേരമെന്മനം ശോകത്താലോ
പൂരിതമായീടുന്നു, ഭാവിയെ ചിന്തിച്ചീടിന്‍.
പച്ചരിപോലും റേഷനിത്തിരി വാങ്ങാന്‍ വേണ്ടി
മിച്ചമില്ലൊറ്റപ്പൈസയെന്മടിശ്ശീലക്കില്ല.
മിച്ചവാരവും പാട്ടം നെല്ലും മറ്റെണ്ണാന്‍പറ്റാ-
മിച്ചമായ്ത്തീര്‍ന്നീടുന്നാകായ്ക്കറിക്കൂട്ടങ്ങളും.
വന്നുകൂടിയനാളുമോര്‍മ്മിച്ചീ മുഹൂര്‍ത്തത്തില്‍,
വന്നുകൂടുന്നൂ , ദുഖംതാങ്ങുവാന്‍ സാധിക്കില്ല.
അന്നൊരീമുറ്റത്തിന്റെ കോണിലായ്‌ നിറഞ്ഞല്ലോ.
നെന്മണി, വൈക്കോല്‍ പോലും പുരയെക്കാളും മേലേ.
ഇന്നു തല്‍സ്ഥാനം ദു:ഖക്കൂമ്പാരമായീടുന്നൂ,
ഇന്നുമെന്‍ ഗൃഹം ചോര്‍ച്ച-തേടുന്നൂവൈക്കോലിന്നായ്‌.
രാജസപ്രൗഢത്വത്താ ലെത്രപേരോച്ഛാനിച്ചു-
രാജിച്ചു നിന്നൂ മുറ്റത്തെത്ര നാളുകള്‍ പണ്ട്‌.
ഇന്നൊരാളെനിക്കില്ലാ,സ്നേഹമാം വികാരത്താല്‍-
വന്നുനില്‍ക്കുവാന്‍ സ്വല്‍പമാശ്വാസം പകര്‍ന്നീടാന്‍.
ആശ്രിതന്മാരാം വേലക്കാരു മല്ലെഴുത്തുകാരാ-
ശ്രയം നല്‍കീടുന്നൂസമ്പത്തിന്‍ പ്രൗഢത്വത്താല്‍.
എത്തുവാന്‍ കഴിയാത്ത കൊമ്പിലായൂഞ്ഞാലാടാന്‍,
പറ്റുകില്ലെന്നാലുമുണ്ടാഗ്രഹം ചിത്തത്തിങ്കല്‍.
പുത്രികള്‍ശക്തന്മാരിന്‍ കൈകളിലെത്തിച്ചേര്‍ന്നു-
പുത്രരില്‍പുത്രന്മാരെ കാണുവാന്‍ കൊതിക്കുന്നൂ.
സ്വന്തമായ്‌ കാലില്‍ നില്‍ക്കാന്‍,യോഗ്യതനേടും പുത്ര-
വൃന്ദത്തെ കാണ്മാന്‍ ചിത്തമെത്രമേല്‍ കൊതിക്കുന്നൂ.
പത്തുകാശിനുവേണ്ടി പിച്ചതെണ്ടുവാന്‍പോലും,
ശക്തമായിരുന്നുവെന്നാകിലും ചെയ്തീടാമോ?
ഭിക്ഷയാചനം ചെയ്തുനീങ്ങിടും കരം തന്നില്‍
‍മെച്ചമായ്ദ്ദാനം ചെയ്ത കൈകളോ നീളുന്നീലാ.
ഘോരമാമരണ്യത്തിന്‍ സാമ്രാജ്യം കീഴില്‍ചേര്‍ത്ത
ഘോരനാം മൃഗാധിപന്‍ വാര്‍ധക്യം ബാധിച്ചന്നു-
ക്ഷീണിതനായി ത്തീര്‍ന്നു ഭക്ഷണം സമ്പാദിപ്പാന്‍
കഴിയാ ക്ഷണമ്പോലെ ഞാനുമിന്നിതാകാണ്മൂ.
ഈവിധം ചിന്തിച്ചപ്പോള്‍ കണ്ണുനീര്‍താഴേവീണൂ
പാവനമാക്കീടാനോ ഗേഹത്തേ ബാഷ്പസ്നാനാല്‍.

Wednesday, January 7, 2009

നെടുവീര്‍പ്പ്

എത്തുവാന്‍ കഴിയാത്ത ദൂരത്തില്‍ കിളിക്കൂടില്‍-
പാര്‍ത്തിടുന്നൊരീയിണക്കിളീയേമറക്കൊല്ലേ.
പാട്ടു പാടിയും ചുറ്റും തത്തിയും നൃത്തം വെച്ച,
പാദങ്ങള്‍ സാകൂതത്താല്‍ നോക്കി നിര്‍വൃതിക്കൊള്‍വാന്‍.
ഓര്‍മ്മകള്‍വിടര്‍ത്തട്ടേ പോയൊരാനാളേച്ചൊല്ലി,
ദീര്‍ഘ നിശ്വാസം പൂണ്ടു നിന്നെ ഞാന്‍സ്മരിക്കവേ-
"എന്നുനാം തമ്മില്‍ ക്കാണും, സൗഹൃദം പുലര്‍ത്തീടും?"
അന്നിനേസ്വപ്നം കാണും രാത്രികള്‍ നീങ്ങിപ്പോകേ.
ഞാനെത്ര വിതുമ്പുന്നൂ കണ്ണുനീര്‍പൊഴിക്കുന്നൂ.
കണ്ടിടുന്നില്ലീയെന്നേ നിന്നുടെചാരത്തായി.
വിധിയാല്‍ പിരിച്ചോരീ സൗഹൃദം വീണ്ടും ചേരാന്‍
‍കാലമെത്രനാള്‍ വേണം,യുഗങ്ങള്‍,നീങ്ങുന്നില്ലാ-
സ്നേഹമെന്നൊരാ മന്ത്രം എന്നിലേക്കൊഴുക്കിയ
സ്നേഹഗായകാ പാടൂ കേട്ടുഞ്ഞാന്‍ കുളിര്‍ക്കട്ടേ.
നിന്നുടെ മന്ദസ്മേരം കാണൂവാന്‍ കൊതിക്കുന്നൂ
പാഴിലാക്കൊല്ലീയെന്റെ ചിന്തയാം സരണിയേ.

എന്റെ യാത്ര

എന്നുഞ്ഞാനെത്തിച്ചേരും ജീവിതസഞ്ചാരത്തിന്‍-
ലക്ഷ്യത്തില്‍,സ്ഥാനം തെറ്റാതേതൊരു കാലത്തായി.
ചുറ്റിലും മായാജാലമെന്നെയിട്ടലട്ടുമ്പോള്‍-
മുറ്റുമേ കാണുന്നേന്‍ ഞാന്‍ കാപട്യം ഭയാശങ്ക.
ചാരെയായ്‌ പറ്റിക്കൂടും തട്ടിപ്പിന്‍ പ്രസ്ഥാനത്താല്‍,
ശൂരരായ്‌ ത്തീര്‍ന്നുള്ളോരാ സ്നേഹവൃന്ദങ്ങള്‍ക്കൊപ്പം.
ആരുമിന്നാരീപ്പോലും സംശയിച്ചീടും കാല-
ഘട്ടത്തേ മാറ്റാന്‍ പറ്റാനിലയില്‍ ലോകം മാറീ.
ആര്‍ഷഭാരതത്തിന്റെ പൂജ്യമാം ചരിത്രത്തിന്‍-
താളുകള്‍ നമ്മള്‍ക്കായി നല്‍കിയ പാഠം പോലും.
വിസ്മ്മരിക്കുകയാണീകാല-ഘട്ടത്തിന്‍ മാറ്റത്താലേ.
നാളുകളാവര്‍ത്തിക്കും ,കാത്തിരിപ്പാണാദ്ദിനം.
വിജ്‌ ഞാനം സമ്പാദിച്ചാ ലേതൊരു ഗാത്രത്തിന്നും
ഉജ്വലമാക്കാം തന്റെ ജീവിതമെന്നാംകേള്‍വീ.
ഇന്നു ഞാനവ കാണ്മൂ ,പാഴ്‌വാക്കായ്നേരില്‍ത്തന്നെ
മിന്നുമാചക്രത്താലേ,സര്‍വ്വവും കറങ്ങുന്നൂ.
ജീവിതമാര്‍ഗത്തിലും, സ്വ സ്ഥമായ്ജീവിക്കാനു-
മെന്തിനായേറേ ചൊല്‍ വൂ ഏതെല്ലാം മാര്‍ഗ്ഗത്തിലും.
കണ്ടിടാമല്ലോ തെല്ലും ന്യായത്തിന്‍ കണികകള്‍
‍വീശിടാ കര്‍മ്മങ്ങളേ യേതൊരു ലോകം കണ്ടാല്‍.
ദര്‍ശിപ്പൂ ലക്ഷ്യസ്ഥാനം ചക്രവാളത്തില്‍ ദൂരേ,
പാര്‍ശ്വത്തില്‍ ലക്ഷ്യസ്ഥാനം തെറ്റിക്കും മാര്‍ഗങ്ങളാല്‍.
മുന്നിലേക്കെന്‍പാദങ്ങള്‍ നീട്ടിവെയ്ക്കുകില്‍ കഷ്ടം
തെന്നിപ്പോയ്തുടങ്ങുന്നൂ, പിന്നെയും തുടരുന്നൂ.
ശക്തമാമിരുട്ടില്‍ പെട്ടുഴലും യാത്രക്കാര-
ന്നേതുമേലഭിക്കുന്നില്ലിപ്പൊഴും പ്രകാശത്തേ,
യകല‍ത്താകാശത്തില്‍ താരകള്‍കണ്‍ചിമ്മുന്നൂ .
കഷ്ടമാം കാലക്കേടാണെന്തു ഞാഞ്ചെയ്തീടേണ്ടൂ.
എരിയും ദീപസ്ഥാനം കാണുവാന്‍ മുന്നോട്ടായി-
ധൈര്യമായ്ഗമിക്കുന്നീയെന്നിലാശ്വാസംകിട്ടാന്‍.
എത്രദൂരത്തെ താണ്ടിപ്പോകണം ,എനിക്കെത്ര-
നാളുകള്‍ പിന്നോട്ടേയ്ക്കായ്‌,അല്‍പമൊന്നടുക്കുവാന്‍.

Tuesday, January 6, 2009

വിദ്യാലയത്തില്‍

ഭാവിതന്‍ വാഗ്നാനങ്ങളുല്‍ഭവംചെയ്യും വിദ്യാ-
ഗേഹത്തിന്‍ വാതില്‍പ്പുറത്തന്നു ഞാനെത്തീടവേ.
ഓര്‍മ്മതന്‍ ചിറ്റോളങ്ങള്‍ എന്നിലേക്കൊഴുക്കിയ-
കാലമാം നദീമാര്‍ഗമാണ്ടൂ ഞാന്‍ നിശ്ചേഷ്ടനായ്‌.
ഹൈസ്കൂളിന്‍ പടിപ്പുറം വിട്ടനാള്‍തൊട്ടേ നീങ്ങീ
ജീവിതമാഗത്തിന്നു പോംവഴി കണ്ടീടാനായ്‌.
എത്രവാതിലില്‍ മൂട്ടിനോക്കി ഞാന്‍ തുറന്നീല-
യന്ത്യമായ്പ്പുറപ്പെട്ടൂ വിദ്യയേസ്വാധീനിക്കാന്‍,
യോഗ്യത ചേര്‍ക്കും പത്രം കയ്യിലായ്‌ലഭിച്ചപ്പോള്‍‍-
യോഗ്യരായ്ത്തിര്‍ക്കാന്‍പിഞ്ചുബാലരേഗുരുത്വത്താല്‍.
"പച്ചനോട്ടുകള്‍വേണമധ്വാനംചെയ്തീടുവാന്‍.
വിദ്യതന്‍ ക്ഷേത്രത്തിലായ്‌ ." എന്നവരുരച്ചപ്പോള്‍
വീടിനേപ്പോലും വിറ്റൂ നോട്ടുകള്‍സമ്പാദിച്ചൂ,
നല്‍കിനാനത്യാകാംക്ഷയോടുടന്‍ മാനേജര്‍ക്കായ്‌.
കല്‍പ്പന കിട്ടീ-,വേഗംജോലികളാരംഭിക്കാന്‍.
കല്‍പ്പനാവൈചിത്ര്യങ്ങള്‍ തിങ്ങുമാക്ഷേത്രത്തിന്റെ,
ഗോപുരംകടന്നു ഞാന്‍ നോക്കവേ മുന്നില്‍ക്കണ്ടൂ.
നിര്‍മ്മലചിത്തത്തോടും തേളിവാം മുഖത്തോടും
ചിത്രമാം വര്‍ണ്ണത്തോടും പൂരിതബാലന്മാരേ.
മണ്‍പാത്രം നിര്‍മ്മിക്കുന്ന കുംഭാരഗേഹത്തിന്റെ-
മുന്നിലായ്‌ നിറഞ്ഞുള്ള മണ്ണുതന്‍ കൂമ്പാരം പോല്‍
‍ഏതൊരു രൂപം പോലും സ്വീകരിച്ചീടാന്‍,കൊതി-
പൂണ്ടുനില്‍ക്കുമാകൊച്ചുബാലകസമൂഹത്തില്‍.
ഞാനൊഴിക്കണം ശുദ്ധ ജലവും വളം പോലും
വളരാന്‍ ,പൂവായ്‌,കായായീലോകസമൂഹത്തില്‍.
എങ്ങി നെപ്പോലും വളച്ചീടുവാന്‍ കഴിഞ്ഞീടു-
മമ്മട്ടില്‍ കാണുന്നേന്‍ ഞാന്‍ ചുറ്റിലും ബാലന്മാരേ.
അവരില്‍ ചേര്‍ക്കേണം ഞാന്‍ സദ്ഗുണവൃന്ദങ്ങളേ-
യെങ്കിലേ രാജ്യത്തിന്റെ ദുസ്ഥിതി മാറ്റാന്‍ പറ്റൂ.

മറക്കാത്തവാക്കുകള്‍

ചുവപ്പു സഞ്ചിയില്‍ ചുവപ്പുനിര്‍മ്മിക്കും-
ചുവന്നസാഹിത്യ കലവറക്കൊപ്പം.
മുറുക്കുവട്ടവും നിറച്ചുവന്നിടും
ചുവന്ന ലോകത്തിന്‍ പടയാളിയാരോ.
അറിവുതിങ്ങവേ,എഴുന്നുനില്‍ക്കുമാ-
നരകലര്‍ന്നെഴും ശിര‍സ്സുമായിതാ,
തെളിഞ്ഞുനില്‍ക്കുന്നൂ,ചെറുകാടെന്മുന്നില്‍.
അധരയുഗ്മത്തില്‍ മുറുക്കിനാലേറേ-
രുധിരകാന്തിയാലരുളിയാസ്വരം.
മുഴങ്ങിടുന്നതുണ്ടനവരതമായ്‌-
യൊഴുക്കു നില്‍ക്കാത്ത സരിത്തിനെപ്പോലേ.
വളര്‍ന്നസാഹിത്യപ്രഭൃതികള്‍ തീര്‍ത്ത
കവിതകള്‍ക്കെല്ലാം മറുപടിപോലേ-
"യുവകവേനിങ്ങളവതരിപ്പിച്ച-
കവിത,വൃത്തത്താലബന്ധമായല്ലോ
തിരുത്തിവൃത്താര്‍ഥ ഗണങ്ങളുള്‍ക്കൊണ്ടേ-
വിരചിക്കും ശബ്ദം പുറത്തു നല്‍കാവൂ"
സമുദായത്തിനായുയര്‍ച്ച നല്‍കിയും-
പുരോഗതിയ്ക്കൊരു വഴിയേകാണിച്ചും
വിരാജിതന്‍ വീ.ടി.തിരുന്നാളിന്മേളാ-
യൊരുങ്ങിനില്‍ക്കുമാഗൃഹാങ്കണത്തിലായ്‌.
വെടിപറഞ്ഞിരിക്കവേയുയര്‍ത്തിനാ-
പടഹശബ്ദത്തേ മറപ്പതില്ലഞ്ഞാന്‍.
(വി.ടി യുടെ ജന്മശതാബ്ദിയില്‍ കവിസമ്മേളനത്തില്‍ അവതരിപ്പിച്ചതു)

Monday, January 5, 2009

ഗൃഹസ്ഥവിചാരം

എരിയും ദീപത്തിന്റെ മുന്നിലായ്‌ ക്കൂനിക്കൂടി
പൂമുഖപ്പടി യിലായിരിക്കും വയോവൃദ്ധന്‍
കണ്ണുനീര്‍ പൊഴിക്കൂന്നോ,ദുഖഭാരത്താല്‍ തന്റെ
ദുഖങ്ങള്‍ തീര്‍ക്കാന്‍ ചെയ്ത നിഷ്ഫലപ്രവൃത്തിയാല്‍
കൃത്യമായ്‌ ലഭിച്ചീടും നാണായത്തുട്ടാല്‍ തന്റെ
നിത്യമാമാവേശ്യത്തെ പൂര്‍ത്തിയാക്കുവാനൊക്കാ
കടബാധ്യതാമൂല്യം വര്‍ധിപ്പൂ നിത്യംതോറും
കടത്തെകയ്യേറ്റീടാന്‍ പണ്ടുവന്നവരെങ്ങോ?
പത്നിയായ്‌,മാതൃത്വത്തെ കാംക്ഷിക്കും പുത്രീവൃന്ദം
ദുഖത്താല്‍ നാള്‍നീക്കുന്ന സ്വപ്നലോകത്തെ കണ്ടും
എത്തരത്തിലായെന്റെ മക്കളേദ്ദാനംചെയ്‌വൂ
വിത്തമില്ലാത്തോരെന്റെ ദുഖത്തെതീര്‍ക്കന്‍ മേലേ
കൃത്യമായെത്തുന്നോരാപുത്രസമ്പാദ്യം കൊണ്ടും
ജീവിതമാര്‍ഗം തീര്‍ക്കാനെത്രമേല്‍ വിഷമിപ്പൂ
ഭാവിയങ്ങിരുണ്ടതാണെത്രമേല്‍ ശ്രമിച്ചാലും
ഇരുളിന്‍ തിരശ്ശീല മാറ്റുവാന്‍ പ്രകാശത്തിന്‍
ദീപത്തെ കൊളുത്തീടാന്‍ കാലമെന്നിനിക്കിട്ടും.

പ്രകാശം തേടി

വിദ്യതന്‍ കേളീരംഗം വിട്ടുഞ്ഞാന്‍ ലോകത്തിന്റെ
കോണുകള്‍ ചുറ്റിക്കാണ്മാന്‍, ജീവിതം നയിക്കുവാന്‍
‍എത്രയോ കവാടങ്ങള്‍ മുട്ടി ഞാന്‍ തുറന്നീടാന്‍
‍എത്രയോ മുഖങ്ങളെ കണ്ടു ഞാന്‍, മിണ്ടീലാരും.
ജീവിതമാര്‍ഗത്തിന്നു പോം വഴി കണ്ടീടാനായ്‌
ഏവമെന്‍ സഞ്ചാരത്തിന്നേതുമേ സാധിച്ചില്ല.
"വിദ്യയുണ്ടെങ്കില്‍ പ്പിന്നെ വിത്തത്തില്‍ കൈ വെക്കേണ്ട"
"വിദ്വാന്മാര്‍ ചൊല്ലിത്തന്ന വാക്കുകളെങ്ങോ നില്‍പ്പൂ.
വിത്തമുണ്ടെങ്കില്‍ കിട്ടാം അല്ലെങ്കില്‍ ഔന്നത്യത്തിന്
‍സ്ഥാനത്തായ്‌ മര്‍മം വേണം സങ്കടം പറഞ്ഞീടാന്‍.
ഇന്നവയെനിക്കില്ല ജീവിക്കാന്‍ പറ്റുന്നില്ല
ദൈന്യമാം കുടുംബത്തെ രക്ഷിപ്പാനേതും നാസ്തി.
ഇന്നലെയന്തിക്കുണ്മാന്‍ മാര്‍ഗമില്ലാത്തോരല്ലോ?
ഖിന്നരായ്‌ ആശാസ്വപ്നം പാര്‍ത്തുകൊണ്ടിരിപ്പവര്‍.
എങ്ങിനെയാണെന്‍ യാത്ര ദുഖമാം കൂടിക്കാഴ്ച-
യങ്ങിനെ സങ്കല്‍പ്പിക്കും, വാക്കുകള്‍ കിട്ടുന്നില്ല.
ദൂരെ നിന്നാരോമാടി കൈകാളാലാംഗ്യം കാട്ടി.
വരുകെന്നോതുന്നെന്നു നിശ്ചയിച്ചുറക്കയാല്‍
വളരും മോഹത്തോടെ പാഞ്ഞുപോയ്‌ തല്‍സ്ഥാനത്തേ-
ക്കെള്ളിട നേരം പോലും പാഴിലായ്‌ തീര്‍ക്കാതപ്പോള്‍.
ഗ്രമത്തിന്‍ സൗന്ദര്യത്തിന്‍ വൈരൂപ്യം പൂരിപ്പിച്ച-
ഹര്‍മ്മ്യങ്ങള്‍ നൂറായിരം തിങ്ങുമാപ്രാന്തത്തിങ്കല്‍.
സാന്ത്വനം സമാശ്വാസം, ആഹ്ലാദം, ഭയാശങ്ക-
മുറ്റുമേ ചേരും നാനാ മനസ്സിന്‍ വികാരത്താല്‍.
ചേര്‍ന്നു ഞാന്‍ അലയവേ കണ്ടു കൈത്തിരിനാളം
കൂരിരുള്‍ തിങ്ങിച്ചേര്‍ന്ന നാട്ടിലായ്‌ ഭാഗ്യത്താലോ!!!
ഇല്ലെനിക്കില്ലാ ഭാഗ്യം കെട്ടുപോയ്‌ ദീപപ്രഭ-
വീണ്ടുമാമിരുട്ടില്‍ ത്താനേകയായ്‌ തീര്‍ക്കപ്പെട്ടു.
ഒരു കൂരിരുട്ടുണ്ടാമെങ്കിലോ വെളിച്ചത്തിന്‍
ദീപ്തിയും ലഭിച്ചീടും ശാശ്വതമാണീസത്യം.
ഇന്നും ഞാന്‍ പ്രതീക്ഷിച്ചു പോകയാണാശാദീപം
കത്തുമാസ്ഥാനം നോക്കി മുന്നിലേക്കായിത്തന്നെ.
(1976 ലെ പ്രദീപം ഓണപ്പതിപ്പില്‍ പ്രസിധീകരിച്ചതു)

തീയും കത്തിയും

വിടരും പുഷ്പത്തിന്നു വണ്ടുകള്‍വന്നേപറ്റൂ-
പൂവിനു കായായ്‌ ത്തീരാന്‍,തന്‍ ജന്മം സാധിച്ചീടാന്‍,
മൂര്‍ത്തമാം പ്രകൃതിതന്‍ നിശ്ചയംതടുത്തീടാന്‍,
മര്‍ത്യനിന്‍ കഴിവുകള്‍ക്കേതുമേ സാധിപ്പീലാ.
ഈയൊരീ സത്യത്തിന്റെ നിഴലില്‍ പ്പെട്ടൂ
യൗവ്വനപ്രായം ചെന്ന ജീവികള്‍ സമപ്രായര്‍.
അന്നവര്‍ പ്രേമിച്ചുപോയ്‌, ജീവിതംസുഖിപ്പിക്കാന്‍,
കഴിയാ തങ്ങള്‍ക്കെന്നു മോര്‍ക്കതായ്‌,തമ്മില്‍ തമ്മില്‍.
പ്രേമവായ്പിനാല്‍ സ്നേഹാല്‍ തങ്ങള്‍തന്‍ പ്രണയത്തിന്‍-
മുദ്രകള്‍ കൈമാറിപ്പോയ്‌, രാവിലാമേകാന്തത്തില്‍.
ചന്ദ്രികാപ്രകാശത്തിന്‍ താരകള്‍ ചുറ്റും നില്‍ക്കെ-
താരുകളാശീര്‍വാദം നല്‍കിനാന്‍ മരുത്തിനാല്‍.
നാളുകള്‍ നീങ്ങീ മന്ദ മൊരുനാള്‍ വേറേപ്പോയീ-
കാലമോതിരിഞ്ഞല്ലോ,! വിധിതന്‍ സമ്മര്‍ദത്താല്‍.
"ചട്ടവും കെട്ടും" പൊട്ടിചീടുവാന്‍ മടിക്കുന്ന-ചിത്തത്താല്‍
ദൗര്‍ബ്ബല്യത്താല്‍ വിട്ടിതാ നിന്നീടുന്നൂ.
ചങ്ങലപൊട്ടിച്ചീടാന്‍ വിപ്ലവം പടര്‍ത്തുവാന്‍‍-
കാത്തിരിക്കുന്നീയെന്നെ ക്ഷീണിതയാക്കീടുന്നോ?-
ഇന്നെനിക്കിതാകിട്ടീ,പ്രേമമുദ്രതന്‍ മൂല്യം-
'നന്ദി"യെന്നൊരുവാക്കാല്‍ എന്തിനീകബളത?..
ആരുമിന്നറിയാത്ത വിശ്വത്തിന്‍ ഭാഗത്തിങ്ക-
ലേകയായ്‌ സന്തോഷിപ്പാനാരുമില്ലവശയായ്‌-.
ജീവിതം നയിച്ചീടുമവളിന്‍ നേര്‍ക്കായ്‌ വന്നൂ-
ക്രൂരമാം ദിനം തെല്ലു മേതുമേ മടിയാതെ.
എന്തിനാണിവന്‍ ചെന്നു മുട്ടുന്നൂ ഗൃഹത്തിന്റെ-
വാതിലില്‍,രക്ഷിപ്പാനോ ക്രൂരമായ്‌ ശിക്ഷിക്കനോ?
യാചിച്ചാനവളോടു ജീവിതസൗഭാഗ്യത്തിന്‍-
മൂല്യമാം സമ്പത്തിനേ ദാഹിക്കും വികാരത്താല്‍.
"ജീവിതംസന്തോഷിക്കാനുള്ളതാം മറക്കൊല്ല-
യെങ്കില്‍നിന്‍ ജീവോപായം സാധിക്കാം സധൈര്യം ഞാന്‍.
വാഗ്നാനം ചെയ്തീടുന്നൂ ഗോപ്യമായ്‌ വെക്കാം ഞാനും."
"നാനൊരു നാടന്‍ പെണ്ണു ജീവിക്കാന്‍ മുതിര്‍ന്നോളാം,
എന്നെയിട്ടലട്ടൊല്ലേ! സ്വസ്ഥമായ്‌ ക്കഴിഞ്ഞോട്ടെ.
അങ്ങതന്‍ സഹായങ്ങള്‍ വാങ്ങാനും മറ്റും മറ്റും-
മങ്ങിടാതെന്‍ ചിത്തത്തില്‍ നിന്നിടും ബഹുകാലം.
ഗുരുവായ്‌,പിതാവായി,രക്ഷകനായിപ്പോലും.-
കരുതിച്ചൊല്ലീടുന്ന വാക്കിനെ കൈക്കൊണ്ടുടന്‍-
വേഗമീഗൃഹം വിട്ടു പോകുവാന്‍ പറഞ്ഞീടാന്‍-
എങ്ങിനെ‍ സാധിക്കേണ്ടുവെന്നെനിക്കറിയില്ല",
വിരഹത്തീയില്‍പ്പെട്ടൂ ദുഖിക്കും മനസ്സിന്റെ-
യുള്ളിലായ്‌ കഠാരയും ചെന്നുവീണിതോകഷ്ടം.
എത്രയോനടക്കുന്നൂ നീചമാം പ്രവൃത്തികള്‍.
ലോകത്തിന്‍ നാനാകോണില്‍ അന്തസ്സിന്‍ കൊടിക്കീഴീല്‍-
ഭാരതസ്ത്രീകള്‍ക്കുണ്ടെന്നാദ്യം നാം പഠിച്ചോരാ-
ശുദ്ധമാം ചാരിത്രത്തെ, ച്ചീത്തയായ്തീര്‍ത്തീടുന്നൂ.
[1976 മേയിലെ കുഞ്ചന്‍ ദിനകവിസമ്മേളനത്തിലവതരിപ്പിച്ചതു.]

Friday, January 2, 2009

പാന്ഥന്റെ കാത്തുനില്‍പ്പ്‌

‌എന്തൊരു മന്ദസ്മേരം നിന്‍ മുഖത്തായിട്ടിപ്പോള്‍-
കാണുവാന്‍ കൊതിച്ചല്ലീ,നാളുകള്‍ നീക്കീമന്ദം.
അന്നുനിന്മുഖം ശോകസാന്ദ്രമായ്‌ കണ്ണീര്‍ പൂണ്ടു,
നില്‍ക്കവേ നിനക്കായി ജീവിതം സമര്‍പ്പിക്കാന്‍
എന്മനംദൃഢംചേര്‍ന്ന നിശ്ചയം ചേര്‍ത്തീടൂമ്പോ-
ളെന്നിലല്‍പ്പമാം ശാന്തി കൈവരിച്ചല്ലോ മോദാല്‍
‍പറക്കാന്‍ സാധിക്കാതെ പക്ഷവുംതളര്‍ന്നങ്ങു-
പഞ്ജര ദ്വാരത്തിങ്കല്‍ നിന്നെ ഞാന്‍ കണ്ടൂ മുന്നം.
പ്രേമത്താല്‍ നിജസ്ഥിതി മെച്ചമായ്‌ ത്തീര്‍ക്കാന്‍‍ വേണ്ടി
ദയയാല്‍,വാല്‍സല്യത്താലുപചാരത്തെ ചെയ്തേന്‍-
രാത്രികളോരോന്നായ്‌ നീങ്ങവേശുശ്രൂഷയാല്‍,
വര്‍ധിതമായിത്തീര്‍ന്നു കാന്തിയും യുവത്വവും-
നിനക്കായ്നേടിത്തന്നു,കൂട്ടിനായ് സം രക്ഷിപ്പാന്‍‍
നിന്‍പ്രേമസൂനം തീര്‍ക്കും യവ്വനക്കുരുന്നിനെ
അന്നുനീസങ്കല്‍പ്പിച്ച പ്രേമവല്ലരിക്കൊപ്പ-
മിന്നുനീസുഖിക്കുന്നൂ സര്‍വ്വരാലാകൃഷ്ടരായ്‌.
നിന്മുഖം പ്രസാദത്താല്‍ കാണുവാന്‍ കൊതിച്ചല്ലീ,
പൂര്‍വകാമുകന്‍ ഞാനും കാത്തുകാത്തിതാദൂരേ.
നിന്നിലായലിഞ്ഞീടാന്‍ നിന്നെഞ്ഞാനൊന്നയ്ചേര്‍ക്കാന്‍.
മുന്നമെന്‍ മനസ്സിന്റെ കോണിലായ്ച്ചിത്രം തീര്‍ത്തു.
കാലത്തിന്‍ കരത്താലെമാഞ്ഞുപോയ്‌ നിറങ്ങളു-
മവ്യക്ത രേഖാചിത്രം പോലുമേ കാണാതായ്‌,
എങ്കിലും മോദത്തിന്റെ-സംതൃപ്ത ഭാവത്തിന്റെ
കോലമായ്‌ എനിക്കൊന്നു നില്‍ക്കുവാന്‍ കഴിഞ്ഞെങ്കില്‍.
എന്മോഹസാമ്രാജ്യത്തിന്‍ ചെങ്കോലും ധരിച്ചെന്റെ-
വാല്‍സല്യലോകര്‍ക്കൊപ്പം നിന്നെയും ദര്‍ശ്ശിച്ചീടാന്‍.-
സാധിപ്പാനവസരം പാര്‍ത്തിതാനില്‍പൂ പാന്ഥന്‍
നിന്നുടെ മന്ദസ്മേരം മാത്രമാണെനിക്കെന്നും.
[5-5-1980കിള്ളിക്കുറുശ്ശിമംഗലത്തു നടന്ന കവിസമ്മേളനത്തില്‍ അവതരിപ്പിച്ചത്‌],

കൃതാര്‍ഥത

എന്തുഞ്ഞാനെഴുതേണ്ടതെന്നൊരു ശൊകോല്‍ക്കട-
ചിന്തപൂണ്ടിരിക്കുമ്പോള്‍ വന്നുനീ പാടാന്‍ വേണ്ടി.
വൈവിധ്യം കലര്‍ന്നുള്ള ചിത്തത്താല്‍,പേനത്തുമ്പാല്‍,
വര്‍ണ്ണങ്ങള്‍ നീക്കീടുന്നൂ സ്വഛമാം പത്രം തോറൂം.
ചായങ്ങള്‍കൊണ്ടാവര്‍ണ്ണചിത്രങ്ങള്‍ തീര്‍ക്കും പോലെ
ആവുകില്ലെന്നെക്കൊണ്ടു നിര്‍മ്മിക്കാന്‍'വര്‍ണ്ണ'ത്താലേ
എങ്കിലും വരച്ചീടാന്‍ മോഹിപ്പൂവികാരങ്ങള്‍-
നെയ്തിടും സ്വപ്നത്തിന്റെ ഛായപോല്‍ വീണ്ടും വീണ്ടും.
നീപാടും ഗാനം കേട്ടു നിര്‍വൃതിക്കൊണ്ടീ പേന-
ത്തുമ്പിലൂടൊഴുകുന്നൂ വര്‍ണ്ണത്തിന്‍ സമൂഹത്തേ
എന്നിലെവികാരങ്ങള്‍ പേനയാല്‍ കുറിച്ചപ്പോള്‍-
നിന്നിലെഗ്ഗാനാവേശം മാറ്റൊലിക്കായിട്ടെത്തി.
ഏറ്റുപാടുവാനെത്തി വ്യത്യസ്ത പ്രായക്കാരും
വിത്യാസപ്പെട്ടിടുന്ന ജീവനക്കാരും ചേര്‍ന്നായ്‌.
യാചകര്‍,വിദ്യാവാഞ്ചര്‍,തൊഴിലില്‍ പെട്ടീടുന്നോര്‍-
ഏവരുമാവേശത്താല്‍ പാടുന്നേനെന്‍ സാഹിത്യം.
അവയേകേള്‍ക്കേഞ്ഞാനും നിര്‍വൃതികൊണ്ടീടുന്നൂ-
ഇനിയൊന്നുറങ്ങട്ടേ കിനിയും കൃതാര്‍ഥന്‍ ഞാന്‍.
(1977 മേയ്‌ 5 കുഞ്ചന്‍ ദിനത്തിലെ കവിസമ്മേളനത്തില്‍ നിന്ന്.)

കലാപൂജ

സഹ്യസാനുവില്‍ത്തീര്‍ത്ത നൃത്തരംഗത്തില്‍ ഹൈമ-
വ്യൂഹത്താല്‍തീര്‍ക്കപ്പെട്ട വസ്ത്രവും നീങ്ങീടുമ്പോള്‍.
ഭാനുവാലൊളിചിന്നും തന്‍ കരം നിര്‍മ്മിക്കുന്ന
ദീപ്തിയാല്‍ വിളങ്ങുന്നരംഗത്തിന്‍ താളംകൊട്ടി.
രംഗപൂജയേചെയ്‌വൂ തെന്നലും സുമാവലി-
വര്‍ഷിക്കേ,ഗാനം പാടി കിളിയും പ്രഭാതത്തില്‍.
നമ്മള്‍ക്കായൊരുക്കുന്നീക്കാഴ്ചയേക്കാണുന്നേര-
മീമണ്ണിലാവര്‍ത്തിക്കാന്‍ മാനുഷര്‍ വെമ്പീടൂന്നൂ.
തന്നിളം പൈതല്‍ക്കുള്ള മോഹങ്ങള്‍,കലാതന്ത്ര-
വിദ്യയേപ്പരീക്ഷീക്കാന്‍ രംഗവും തീര്‍ത്തീടുന്നു.
നവ്യമായീമണ്ണിന്റെ മാറിലാലായ്‌ നൃത്തംവെക്കാന്‍
‍നവ്യഭാവനയ്കൊപ്പം പൊന്‍ ചിലമ്പൊലിതൂകാന്‍
‍തന്‍ മൃദുശ്ശബ്ദത്താലേഗാനങ്ങള്‍ പാടീടുമ്പോള്‍-
ആഹ്ലാദരോമാഞ്ചങ്ങള്‍ നിങ്ങളില്‍ പകര്‍ത്തീടാന്‍.
ഒത്തുചേര്‍ന്നീടും ദിവ്യമാകുമീമുഹൂര്‍ത്തത്തില്‍
ഒത്തുചേരുന്നൂ വിശ്വപ്രകൃതീവിലാസങ്ങള്‍
ഒന്നുചേര്‍ന്നു നാം വാഴ്ത്തും സല്‍ക്കലാദേവീരൂപം-
വന്നിതാവിളങ്ങുന്നൂ ദര്‍ശനം തന്നീടാനായ്‌.
കൈവണങ്ങീടാംധന്യേ സല്‍ക്കലാദേവീവന്ദ്യേ-
കൈവണങ്ങീടൂന്നിതാ പിഞ്ചുമക്കളും ചെമ്മേ.
നീ തുണച്ചാലും വേഗം ഓമനക്കുരുന്നുകള്‍.-
തീര്‍ക്കുമി കലാപൂജ കൈക്കൊണ്ടീ നിമിഷത്തില്‍.
(ബത്തേരിയില്‍ 21.02.80 നു അവതരിപ്പിച്ചു. 16.03.80 നു കേസരിയില്‍ വന്നു.)

Thursday, January 1, 2009

വെട്ടത്തുനാട്

കേരളമാതാവിന്റെ മാറിലായ്‌ വിരാജിക്കും
വെട്ടത്തുനാടേ നിന്നെയേതൊരുകാലത്താരും-
വിസ്മൃതപന്ഥാവിലായ്‌ ത്തീര്‍ക്കുവാന്‍ കഴിയാതെ,
നിസ്തുല പ്രതിഭയായ്‌ എന്നുമേ വിലങ്ങുന്നു.
പേരാറിന്‍സ്പര്‍ശ്ശത്താലെ പൂജ്യയായ്തീര്‍ക്കപ്പെട്ട-
വീരരിന്‍ മാതൃത്വത്താല്‍ ധന്യയായ്ത്തീര്‍ന്നോളല്ലേ!
ഭാഷതന്‍ പിതാവായ തുഞ്ചനും കിളിക്കൊഞ്ചല്‍-
ഭാഷയാല്‍പുരാണാദികാവ്യങ്ങള്‍നേടിത്തന്നു.
വ്യാസനും വാല്‍മീകിയും തീര്‍ത്തൊരാപ്പുരാണങ്ങള്‍
‍ഭാഷയായ്‌ കിളിക്കൊഞ്ചല്‍ രൂപത്തില്‍ ദാനംചെയ്ത-
ഭാഷതന്‍ പിതാവാകും തുഞ്ചനും ജന്മം നല്‍കി-
ഭൂഷിതയായിത്തീര്‍ന്നവെട്ടത്തുനാടെവെല്‍ക!
കൂരിരുട്ടിലായ്പ്പെട്ട കേരളമാതാവിന്നാ-
യിരുള്‍നീക്കിയീവെട്ടം വെട്ടത്തെ കാണിച്ചതും.
കാലത്തിന്‍ മറശ്ശീല നീക്കിനോക്കവേകണ്ടേന്‍
‍പാലൊളിപ്രഭ ചേര്‍ന്ന വെട്ടത്തു നാടിന്‍ മേന്മ.
ഭക്തനാം മേല്‍പ്പത്തൂരിന്‍ തൂലിക നിര്‍മ്മിച്ചുള്ള-
ഭക്തിതന്‍ ഭണ്ടാഗാരഗ്രന്ഥങ്ങള്‍ വാങ്ങിച്ചോളേ!
ചാവേരിന്‍ നിണംകൊണ്ടു സിന്ദൂരഫാലം തീര്‍ത്ത-
മാമാങ്കാഘോഷങ്ങളല്‍ പുണ്യയായ്‌ വിരാജിച്ചോ-
രത്തിരുന്നാവായയും വള്ളത്തോള്‍ ജനിച്ചുള്ളാ-
മംഗലഗ്രാമം പോലും നിന്നിലായ്കാണുമ്പോഴേ
ഭക്തിയും സാഹിത്യവും കലയുംക്ഷാത്രത്തിന്റെ
ശക്തിയും കലര്‍ന്നുള്ള നാടുവേറില്ലാ പാര്‍ത്താല്‍.