Monday, January 5, 2009

തീയും കത്തിയും

വിടരും പുഷ്പത്തിന്നു വണ്ടുകള്‍വന്നേപറ്റൂ-
പൂവിനു കായായ്‌ ത്തീരാന്‍,തന്‍ ജന്മം സാധിച്ചീടാന്‍,
മൂര്‍ത്തമാം പ്രകൃതിതന്‍ നിശ്ചയംതടുത്തീടാന്‍,
മര്‍ത്യനിന്‍ കഴിവുകള്‍ക്കേതുമേ സാധിപ്പീലാ.
ഈയൊരീ സത്യത്തിന്റെ നിഴലില്‍ പ്പെട്ടൂ
യൗവ്വനപ്രായം ചെന്ന ജീവികള്‍ സമപ്രായര്‍.
അന്നവര്‍ പ്രേമിച്ചുപോയ്‌, ജീവിതംസുഖിപ്പിക്കാന്‍,
കഴിയാ തങ്ങള്‍ക്കെന്നു മോര്‍ക്കതായ്‌,തമ്മില്‍ തമ്മില്‍.
പ്രേമവായ്പിനാല്‍ സ്നേഹാല്‍ തങ്ങള്‍തന്‍ പ്രണയത്തിന്‍-
മുദ്രകള്‍ കൈമാറിപ്പോയ്‌, രാവിലാമേകാന്തത്തില്‍.
ചന്ദ്രികാപ്രകാശത്തിന്‍ താരകള്‍ ചുറ്റും നില്‍ക്കെ-
താരുകളാശീര്‍വാദം നല്‍കിനാന്‍ മരുത്തിനാല്‍.
നാളുകള്‍ നീങ്ങീ മന്ദ മൊരുനാള്‍ വേറേപ്പോയീ-
കാലമോതിരിഞ്ഞല്ലോ,! വിധിതന്‍ സമ്മര്‍ദത്താല്‍.
"ചട്ടവും കെട്ടും" പൊട്ടിചീടുവാന്‍ മടിക്കുന്ന-ചിത്തത്താല്‍
ദൗര്‍ബ്ബല്യത്താല്‍ വിട്ടിതാ നിന്നീടുന്നൂ.
ചങ്ങലപൊട്ടിച്ചീടാന്‍ വിപ്ലവം പടര്‍ത്തുവാന്‍‍-
കാത്തിരിക്കുന്നീയെന്നെ ക്ഷീണിതയാക്കീടുന്നോ?-
ഇന്നെനിക്കിതാകിട്ടീ,പ്രേമമുദ്രതന്‍ മൂല്യം-
'നന്ദി"യെന്നൊരുവാക്കാല്‍ എന്തിനീകബളത?..
ആരുമിന്നറിയാത്ത വിശ്വത്തിന്‍ ഭാഗത്തിങ്ക-
ലേകയായ്‌ സന്തോഷിപ്പാനാരുമില്ലവശയായ്‌-.
ജീവിതം നയിച്ചീടുമവളിന്‍ നേര്‍ക്കായ്‌ വന്നൂ-
ക്രൂരമാം ദിനം തെല്ലു മേതുമേ മടിയാതെ.
എന്തിനാണിവന്‍ ചെന്നു മുട്ടുന്നൂ ഗൃഹത്തിന്റെ-
വാതിലില്‍,രക്ഷിപ്പാനോ ക്രൂരമായ്‌ ശിക്ഷിക്കനോ?
യാചിച്ചാനവളോടു ജീവിതസൗഭാഗ്യത്തിന്‍-
മൂല്യമാം സമ്പത്തിനേ ദാഹിക്കും വികാരത്താല്‍.
"ജീവിതംസന്തോഷിക്കാനുള്ളതാം മറക്കൊല്ല-
യെങ്കില്‍നിന്‍ ജീവോപായം സാധിക്കാം സധൈര്യം ഞാന്‍.
വാഗ്നാനം ചെയ്തീടുന്നൂ ഗോപ്യമായ്‌ വെക്കാം ഞാനും."
"നാനൊരു നാടന്‍ പെണ്ണു ജീവിക്കാന്‍ മുതിര്‍ന്നോളാം,
എന്നെയിട്ടലട്ടൊല്ലേ! സ്വസ്ഥമായ്‌ ക്കഴിഞ്ഞോട്ടെ.
അങ്ങതന്‍ സഹായങ്ങള്‍ വാങ്ങാനും മറ്റും മറ്റും-
മങ്ങിടാതെന്‍ ചിത്തത്തില്‍ നിന്നിടും ബഹുകാലം.
ഗുരുവായ്‌,പിതാവായി,രക്ഷകനായിപ്പോലും.-
കരുതിച്ചൊല്ലീടുന്ന വാക്കിനെ കൈക്കൊണ്ടുടന്‍-
വേഗമീഗൃഹം വിട്ടു പോകുവാന്‍ പറഞ്ഞീടാന്‍-
എങ്ങിനെ‍ സാധിക്കേണ്ടുവെന്നെനിക്കറിയില്ല",
വിരഹത്തീയില്‍പ്പെട്ടൂ ദുഖിക്കും മനസ്സിന്റെ-
യുള്ളിലായ്‌ കഠാരയും ചെന്നുവീണിതോകഷ്ടം.
എത്രയോനടക്കുന്നൂ നീചമാം പ്രവൃത്തികള്‍.
ലോകത്തിന്‍ നാനാകോണില്‍ അന്തസ്സിന്‍ കൊടിക്കീഴീല്‍-
ഭാരതസ്ത്രീകള്‍ക്കുണ്ടെന്നാദ്യം നാം പഠിച്ചോരാ-
ശുദ്ധമാം ചാരിത്രത്തെ, ച്ചീത്തയായ്തീര്‍ത്തീടുന്നൂ.
[1976 മേയിലെ കുഞ്ചന്‍ ദിനകവിസമ്മേളനത്തിലവതരിപ്പിച്ചതു.]

No comments: