Thursday, January 8, 2009

ആത്മഗതം

നാകലോകത്തെപ്പോലെ ജീവിതം സുഖിപ്പിച്ച,
നാളുകളോര്‍മ്മിക്കുന്നൂ ദൈന്യനാം ഗൃഹാധിപന്‍.
ഇന്നെനിക്കൊന്നും ചെയ്യാന്‍ വാര്‍ധക്യം സാധിപ്പീല-
മുന്നമെന്‍ യുവ കാലത്തെത്ര ഞാനധ്വാനിച്ചൂ.
അന്നുമെന്‍ അധ്വാനത്തിന്‍ പാദപം കിളുര്‍ ത്തില്ല,
ഫലമില്ലാതെന്‍ മുന്നില്‍ ശുഷ്കമായ്‌ വിളങ്ങുന്നൂ.
ഇന്നു ഞാന്‍ രക്ഷിയ്ക്കേണം ജിവിതമാര്‍ഗത്തിന്നു-
ഖിന്നരായ്കഴിയുന്നോ രംഗങ്ങളൊട്ടൊന്നല്ലാ-
എത്ര ഞാനാശിച്ചുപോയ്‌ ഓമനമുഖം കാണ്മാന്‍-
പുത്രനായ്‌ ത്തീരാന്‍ വംശപൂര്‍ത്തിയേസ്സാധിച്ചീടാന്‍.
വിധിയാല്‍ കൈയില്‍ കിട്ടി പെന്മക്കളൊട്ടൊന്നല്ലാ-
വളരും മോഹത്തൊടെ ജീവിതം നീക്കിപ്പോകേ.
അവരില്‍ പ്രായം കൂടും മക്കളേ സ്ഥാനം നോക്കി-
യെത്തിക്കാന്‍ സാധിച്ചില്ല-യേവരെയിന്നുംകഷ്ടം.
മൂത്തവരെത്തിച്ചേര്‍ന്നൂ, ഭാഗ്യത്താലോരോ ദിക്കില്‍
വിത്തവും സത്തും ചേര്‍ന്ന ശക്തമാം കരങ്ങളില്‍.
ഇന്നിതാ കാത്തും കൊണ്ടുനില്‍ക്കൂന്നൂ മല്‍പ്പുത്രിമാര്‍
‍തങ്ങള്‍തന്‍ സ്വപ്നം പൂര്‍ണ്ണമാക്കുവാന്‍ മോഹം ചേര്‍ന്നായ്‌.
അവരെ സംതൃപ്തരായ്‌ ത്തീര്‍ക്കുവാന്‍ കഴിയാത്ത-
തേവമെന്‍ പരിസ്ഥിതി യെങ്ങിനേ ചൊല്ലീടേണ്ടൂ.
പുത്രരില്‍ പ്രായം ചെന്നജീവനോ തന്‍ കാര്യത്തി-
നെത്ര നാളുകള്‍, രാജ്യംവിട്ടുപോയ്‌, ജയിച്ചില്ല.
പുത്രികള്‍ ചിലര്‍ പാഞ്ഞൂ,ജീവിതദാഹം തീര്‍ക്കാന്‍
അല്‍പമീകുടുംബത്തെ രക്ഷിപ്പാന്‍ സാധിച്ചെങ്കില്‍.
നാനാലോകത്തെപ്പോലെ സന്തോഷം സംതൃപ്തിയും
ചേര്‍ന്നൊരാ കാലം വീണ്ടും വരുവാന്‍ സാധിക്കില്ലേ?
എത്ര പേര്‍ തിങ്ങിക്കൂടും ഭക്ഷണം, നേരം പോക്കു-
മാത്രമോ വിത്തത്തിനും, സാധിപ്പാനെന്നെല്ലാമേ.
സമ്പത്തു കാണുന്നേരമോടി വന്നടുക്കുന്നൂ
സമ്പത്തിന്‍ തകര്‍ച്ചയിലേവരും നീങ്ങിപ്പോകും.
പോത്തിനെ കെട്ടിപ്പോന്ന ഗേഹത്തില്‍ കെട്ടീടാമോ
ആനയെ, എന്നാവാക്യമോര്‍പ്പൂ ഞാനീന്നേരം.
യൗവനപ്രായം ചെന്ന പുത്രിമാര്‍ മുന്നില്‍ കാണ്‍കെ
യൗവനകാലം മുന്നില്‍ വന്നുനില്‍ക്കയാണിന്നും.
അവരെക്കാണുന്നേരമെന്മനം ശോകത്താലോ
പൂരിതമായീടുന്നു, ഭാവിയെ ചിന്തിച്ചീടിന്‍.
പച്ചരിപോലും റേഷനിത്തിരി വാങ്ങാന്‍ വേണ്ടി
മിച്ചമില്ലൊറ്റപ്പൈസയെന്മടിശ്ശീലക്കില്ല.
മിച്ചവാരവും പാട്ടം നെല്ലും മറ്റെണ്ണാന്‍പറ്റാ-
മിച്ചമായ്ത്തീര്‍ന്നീടുന്നാകായ്ക്കറിക്കൂട്ടങ്ങളും.
വന്നുകൂടിയനാളുമോര്‍മ്മിച്ചീ മുഹൂര്‍ത്തത്തില്‍,
വന്നുകൂടുന്നൂ , ദുഖംതാങ്ങുവാന്‍ സാധിക്കില്ല.
അന്നൊരീമുറ്റത്തിന്റെ കോണിലായ്‌ നിറഞ്ഞല്ലോ.
നെന്മണി, വൈക്കോല്‍ പോലും പുരയെക്കാളും മേലേ.
ഇന്നു തല്‍സ്ഥാനം ദു:ഖക്കൂമ്പാരമായീടുന്നൂ,
ഇന്നുമെന്‍ ഗൃഹം ചോര്‍ച്ച-തേടുന്നൂവൈക്കോലിന്നായ്‌.
രാജസപ്രൗഢത്വത്താ ലെത്രപേരോച്ഛാനിച്ചു-
രാജിച്ചു നിന്നൂ മുറ്റത്തെത്ര നാളുകള്‍ പണ്ട്‌.
ഇന്നൊരാളെനിക്കില്ലാ,സ്നേഹമാം വികാരത്താല്‍-
വന്നുനില്‍ക്കുവാന്‍ സ്വല്‍പമാശ്വാസം പകര്‍ന്നീടാന്‍.
ആശ്രിതന്മാരാം വേലക്കാരു മല്ലെഴുത്തുകാരാ-
ശ്രയം നല്‍കീടുന്നൂസമ്പത്തിന്‍ പ്രൗഢത്വത്താല്‍.
എത്തുവാന്‍ കഴിയാത്ത കൊമ്പിലായൂഞ്ഞാലാടാന്‍,
പറ്റുകില്ലെന്നാലുമുണ്ടാഗ്രഹം ചിത്തത്തിങ്കല്‍.
പുത്രികള്‍ശക്തന്മാരിന്‍ കൈകളിലെത്തിച്ചേര്‍ന്നു-
പുത്രരില്‍പുത്രന്മാരെ കാണുവാന്‍ കൊതിക്കുന്നൂ.
സ്വന്തമായ്‌ കാലില്‍ നില്‍ക്കാന്‍,യോഗ്യതനേടും പുത്ര-
വൃന്ദത്തെ കാണ്മാന്‍ ചിത്തമെത്രമേല്‍ കൊതിക്കുന്നൂ.
പത്തുകാശിനുവേണ്ടി പിച്ചതെണ്ടുവാന്‍പോലും,
ശക്തമായിരുന്നുവെന്നാകിലും ചെയ്തീടാമോ?
ഭിക്ഷയാചനം ചെയ്തുനീങ്ങിടും കരം തന്നില്‍
‍മെച്ചമായ്ദ്ദാനം ചെയ്ത കൈകളോ നീളുന്നീലാ.
ഘോരമാമരണ്യത്തിന്‍ സാമ്രാജ്യം കീഴില്‍ചേര്‍ത്ത
ഘോരനാം മൃഗാധിപന്‍ വാര്‍ധക്യം ബാധിച്ചന്നു-
ക്ഷീണിതനായി ത്തീര്‍ന്നു ഭക്ഷണം സമ്പാദിപ്പാന്‍
കഴിയാ ക്ഷണമ്പോലെ ഞാനുമിന്നിതാകാണ്മൂ.
ഈവിധം ചിന്തിച്ചപ്പോള്‍ കണ്ണുനീര്‍താഴേവീണൂ
പാവനമാക്കീടാനോ ഗേഹത്തേ ബാഷ്പസ്നാനാല്‍.

No comments: